കുടുംബത്തെ മോദി വേട്ടയാടുന്നു ; യോഗേന്ദ്രയാദവ്

#

ന്യൂഡല്‍ഹി (12-07-18) : ഹര്യാനയിലെ റെവാഡിയില്‍ യോഗേന്ദ്രയാദവിന്റെ സഹോദരിമാര്‍ നടത്തുന്ന ആശുപത്രിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ്, നരേന്ദ്രമോദിയുടെ പക തീര്‍ക്കലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍. യോഗേന്ദ്രയാദവിന്റെ സഹോദരിമാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ ഇന്നലെ രാവിലെ 100 പേരടങ്ങിയ ആദായനികുതി ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തുകയും 22 കോടി രൂപ പിടിത്തെടുത്തതായി അറിയിക്കുകയും ചെയ്തിരുന്നു. യോഗേന്ദ്ര യാദവിന്റെ സഹോദരിമാരും സഹോദരീ ഭര്‍ത്താവും അനന്തരവരും ആശുപത്രിയില്‍ ഡോക്ടര്‍മാരാണ്.

തന്റെ സഹോദരിമാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ നടത്തിയ റെയ്ഡ് തനിക്കെതിരേയുള്ള നീക്കമാണെന്നും ഇതുകൊണ്ടെന്നും താന്‍ നിശ്ശബ്ദനാകില്ലെന്നും യോഗേന്ദ്രയാദവ് ട്വീറ്റ് ചെയ്തു. നവജാതശിശുക്കളെ ചികിത്സിക്കുന്ന ഐ.സി.യൂണിറ്റ് വരെ അടയ്ക്കുന്ന തരത്തിലുള്ള റെയ്ഡ് തികഞ്ഞ പക പോക്കലാണ്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ആവശ്യപ്പെട്ടും അനധികൃത മദ്യശാലകള്‍ക്കുമെതിരേ റെവാഡിയില്‍ താന്‍ നടത്തിയ 9 ദിവസത്തെ പദയാത്രയ്ക്ക് പുറകേയാണ് റെയ്‌ഡെന്ന് യോഗേന്ദ്ര യാദവ് ഓര്‍മ്മിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് താന്‍ പറത്താക്കിയ യോഗേന്ദ്രയാദവിന് ശക്തമായ പിന്തുണ നല്‍കുന്നതാണ് അരവിന്ദ് കേജ്‌രിവാളിന്റെ ട്വീറ്റ്.