സ്വവര്‍ഗരതി വ്യതിചലനമല്ല ; വ്യത്യസ്തതയാണെന്ന് കോടതി

#

ന്യൂഡല്‍ഹി (12-07-18) : സ്വവര്‍ഗ്ഗ ലൈംഗികതയെ ഒരു വ്യതിചലനമായല്ല. വ്യത്യസ്തതയായാണ് കാണേണ്ടതെന്ന് സുപ്രീംകോടതി. 377-ാം വകുപ്പ് നീക്കം ചെയ്താല്‍ അതുമായി ബന്ധപ്പെട്ടുള്ള അപമാനമില്ലാതാകുമെന്നും കോടതി നിരീക്ഷിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കാണുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ച്ചയായ 3-ാം ദിവസമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാന്‍, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്ന ബഞ്ചിലുള്ളത്.

മറ്റുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള ഏതെങ്കിലും അവകാശം സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നിഷേധിച്ചിട്ടുണ്ടോ എന്ന് കേസില്‍ ഒരു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഡ്വ.മേനകാ ഗുരുസ്വാമിയോട് കോടതി ചോദിച്ചു. മറ്റുള്ളവര്‍ക്കുള്ള ഒരു അവകാശവും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നിഷേധിക്കുന്നില്ലെന്ന് മേനകാ ഗുരുസ്വാമി ചൂണ്ടിക്കാട്ടി. എല്‍ജിബിടിക്യു (ലെസ്ബിയന്‍ ഗേ ബൈ സെക്ഷ്വല്‍ ട്രാന്‍സ് ജെന്‍ഡര്‍ ക്വിയർ) വിഭാഗത്തില്‍ പെട്ടവര്‍ക്ക് എതിരേ വിവേചനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ആരോഗ്യപരിചരണം അവര്‍ക്ക് ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു. വിവാഹബന്ധത്തിലേര്‍പ്പെടാന്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ നിര്‍ബ്ബന്ധിതരാകുന്ന കുടുംബസാഹചര്യം നിലനില്‍ക്കുന്നതായി ജ.ഇന്ദുമല്‍ഹോത്ര പറഞ്ഞു. 377-ാം വകുപ്പ് റദ്ദു ചെയ്യുമെന്ന സൂചനയാണ് വാദം കേള്‍ക്കുന്നതിനിടയില്‍ ഇതുവരെ കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് ലഭിക്കുന്നത്.