എഡിജിപിയുടെ മകൾ ഡ്രൈവറെ മർദ്ദിച്ച കേസ് റദ്ദാക്കുന്നതെങ്ങനെയെന്ന് കോടതി

#

കൊച്ചി (12.07.2018) : എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധ പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസ് റദ്ദാക്കാൻ എന്തു സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി. താൻ പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ചു എന്ന ആരോപണം വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്നിഗ്ദ്ധ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പോലീസ് കേസ് അന്വേഷിച്ച് ശരിയായ വസ്തുത കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഗവാസ്‌കർ നൽകിയ ഹര്‍ജിയും സ്നിഗ്ദ്ധയുടെ ഹര്‍ജിയു ഒന്നിച്ചു പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഏത് ബഞ്ച് കേസ് പരിഗണിക്കണമെന്നത് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിട്ടു.

വൈദ്യപരിശോധനാ റിപ്പോര്‍ട്ടിൽ ഗവാസ്കറിന്റെ പരിക്ക് നിസ്സാരമാണെന്ന് സ്നിഗ്ദ്ധയുടെ ഹര്‍ജിയിൽ പറയുന്നു. എന്നാൽ വൈദ്യപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു..രണ്ട് ഹര്‍ജികളും ഒന്നിച്ച് കേള്‍ക്കട്ടെയെന്ന സര്‍ക്കാര്‍ വാദം കൂടി കണക്കിലെടുത്ത് രണ്ടു കേസുകളും ഒന്നിച്ച് പരിഗണിക്കാൻ  ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.