പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക് അനുമതി

#

ന്യൂഡല്‍ഹി (13-07-18) : പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി. സംസ്ഥാനത്തെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തോടൊപ്പം പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. ജൂലൈ 19 ന് കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

മുമ്പ് 4 തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും നല്‍കാതിരുന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ റേഷന്‍വിഹിതം സംബന്ധിച്ച് സംസാരിക്കാന്‍ അനുമതി തേടിയപ്പോള്‍ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ വിസമ്മതിക്കുക വഴി പ്രധാനമന്ത്രി സംസ്ഥാനത്തെ അപമാനിക്കുകയാണ് എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സന്ദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്.