ജന്മനാട്ടില്‍ പ്രതിഭകള്‍ക്ക് ആദരവേകി ഇപ്റ്റ

#

കൊല്ലം (13-07-18) : കൊല്ലം ജില്ലയിലെ പവിത്രേശ്വരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജനിച്ചു വളര്‍ന്ന കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ജന്മനാടിന്റെ ആദരം സമര്‍പ്പിക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇപ്റ്റ പുത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച സര്‍ഗ്ഗവസന്തം എന്ന് പേരിട്ട സാംസ്‌കാരിക സായാഹ്നത്തിലാണ് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചത്. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ സര്‍ഗ്ഗവസന്തം ഉദ്ഘാടനം  ചെയ്തു. ഇപ്റ്റ പുത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് റജി പുത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.മണിലാല്‍, ജില്ലാസെക്രട്ടറി ഹേണാല്‍ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ താമരക്കുടി കരുണാകരന്‍, നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ പ്രഭാകരന്‍ പുത്തൂര്‍, ഗിന്നസ് ലോക റെക്കോഡില്‍ ഇടം നേടിയ വിശ്വഗുരു എന്ന സിനിമയിലെ നായകനും പ്രശസ്ത നടനുമായ കെ.പി.എ.സി ലീലാകൃഷ്ണന്‍, കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍, ശാസ്ത്രപ്രചാരകനും ഗ്രന്ഥകാരനുമായ പ്രൊഫ. സി.രവിചന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍, ചിത്രകാരനും ശില്പിയുമായ അനില്‍ നെടുവത്തൂര്‍, ചിത്രകാരന്മാരായ ശശിധരന്‍ കൊട്ടാരക്കര, ഐവര്‍കാല കെ.എസ്.ശങ്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തുള്ളല്‍ കലാകാരന്‍ താമരക്കുടി കരുണാകരന്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന് അഡ്വ.മണിലാല്‍ ഇപ്റ്റ അംഗത്വം ചടങ്ങില്‍ വെച്ച് നല്‍കി. ഇപ്റ്റ കലാകാരന്മാരും കലാകാരികളും അടങ്ങിയ സംഘം നാടന്‍പാട്ടുകളും ജനകീയ ഗാനങ്ങളും അവതരിപ്പിച്ചു. ഇപ്റ്റ യൂണിറ്റ് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ പവിത്രേശ്വരം സ്വാഗതവും യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് ആര്‍.എസ് നന്ദിയും പറഞ്ഞു.