ആന്ധ്രയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഉമ്മന്‍ചാണ്ടി

#

ന്യൂഡല്‍ഹി (14-07-18) : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആന്ധ്രാപ്രദേശിലെ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള തീവ്രശ്രമത്തിലാണ്. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റുകള്‍ നേടുകയും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിക്കുകയുമാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. ഇന്നത്തെ നിലയ്ക്ക് തീര്‍ത്തും അസാധ്യമെന്ന് കരുതപ്പെടുന്ന ഈ ലക്ഷ്യം താന്‍ നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി. അസാധ്യമായ നേട്ടങ്ങള്‍ കൈവരിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഏറ്റവും വലിയ താരമായി മാറിയതിനുശേഷം കേരള രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങി വരാനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്. തന്റെ സംഘടനാശേഷിയും നേതൃപാടവവും പാര്‍ട്ടിയെ ഒന്നടങ്കം ബോധ്യപ്പെടുത്തണമെന്നാണ് ഉമ്മന്‍ചാണ്ടിക്ക്. പിന്നീട് കേരളരാഷ്ട്രീയത്തില്‍ തന്റെ സര്‍വ്വാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഒരാളുമുണ്ടാവില്ല എന്ന് ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നു.

തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് ഇപ്പോള്‍. വൈ.എസ്.രാജശേഖരറെഡ്ഡിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ ജ്ഗമോഹന്‍ റെഡ്ഡി വെ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച് കോണ്‍ഗ്രസിനു നേരേ ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. 2014 ലെ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശത്തെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയുംകാള്‍ ബഹുദൂരം പിന്നില്‍ പോയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അസാധ്യമെന്ന് തന്നെയാണ് രാഷ്ട്രീയനിരീക്ഷര്‍ കരുതിയത്. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനും കോണ്‍ഗ്രസിന് കഴിയില്ല. തെലുങ്കുദേശവും കോണ്‍ഗ്രസും ബദ്ധവൈരികളാണ്. തെലുങ്കുദേശം കോൺഗ്രസ് സഖ്യത്തെ രണ്ടു പാര്‍ട്ടികളുടെയും അണികള്‍ അംഗീകരിക്കില്ല. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെ പരിഗണിക്കാന്‍ പോലും തയ്യാറാകില്ല.

ആന്ധ്രാവിഭജനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടുപോയി സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. കിരണ്‍ കുമാര്‍ റെഡ്ഡിയെപ്പോലെ ഒരു നേതാവിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് അണികളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ കാര്യമായ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ ഇതുകൊണ്ട് കഴിയില്ല. ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയാണ് കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനുള്ള ഏക വഴിയെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കിക്കഴിഞ്ഞു. ജഗ്‌മോഹന്‍ റെഡ്ഡിയെ കോണ്‍ഗ്രസ്സില്‍ തിരികെ എത്തിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. പക്ഷേ, രാഷ്ട്രീയത്തില്‍ സാധ്യമാകാത്ത ഒന്നുമില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് അറിയാമെന്നതിനാല്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങളിലാണ് അദ്ദേഹം.

കടപ്പാ കേന്ദ്രമാക്കി വലിയ ഒരു സാമ്പത്തിക സാമൂഹ്യശക്തിയായി മാറിയിരുന്ന വൈ.എസ്.രാജശേഖരറെഡ്ഡി, അദ്ദേഹത്തിന്റെ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടാണ് സ്വന്തം ജന്മനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായി മാറിയത്. വലിയ ഒരു സാമ്പത്തിക സാമ്രാജ്യം പടുത്തുയര്‍ത്തിയ രാജശേഖറെഡ്ഡി തെലുങ്കുദേശത്തിന്റെ പിടിയിലായിരുന്ന ആന്ധ്രാപ്രദേശിൽ കോണ്‍ഗ്രസിന് പുനര്‍ജന്മം നല്‍കിയ നേതാവാണ്. സാമ്പത്തിക ആരോപണങ്ങളെയെല്ലാം ജനപ്രീതികൊണ്ട് മറിടകടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആഡംബരസൗധങ്ങള്‍ സമ്പാദിക്കുകയും ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ലഹരി കണ്ടെത്തുകയും ചെയ്ത ജഗ്‌മോഹന്‍ റെഡ്ഡി, തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയസ്വാധീനം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 200 ദിവസംകൊണ്ട് 2500 കി.മീറ്റര്‍ ദൂരം പദയാത്ര നടത്തിയ ജഗ്‌മോഹന്റെ രാഷ്ട്രീയ മോഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നുമല്ല.

പരമാവധി അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കുക എന്നത് ലക്ഷ്യമായി കാണുന്ന കോണ്‍ഗ്രസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിസ്ഥാനവും സംസ്ഥാനഭരണത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണവും ജഗ്‌മോഹന്‍ റെഡ്ഡിക്ക് നല്‍കുന്നതില്‍ മടിക്കേണ്ടതില്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ സമീപനം. ജഗ്‌മോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയില്‍ തിരികെ എത്തിച്ച് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ജഗ്‌മോഹന്‍ റെഡ്ഡിയുടെ അഴിമതി നിറഞ്ഞ പശ്ചാത്തലമൊന്നും ഇപ്പോള്‍ നോക്കേണ്ടതില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. കിരണ്‍ കുമാര്‍ റെഡ്ഡിയെ എ.ഐ.സി.സി നേതൃത്വത്തിലേക്ക് കൊണ്ടു പോകുകയും മറ്റു സംസ്ഥാന നേതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യാമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. തിരിച്ചുവരാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്ന് തിരിച്ചറിഞ്ഞ് ജഗ്‌മോഹന്‍ റെഡ്ഡിയെ അംഗീകരിക്കാന്‍ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകും.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച 10-12 ശതമാനം വോട്ടുകള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ വോട്ടുകളുമായി ചേരുമ്പോള്‍ ജയം ഉറപ്പാക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുകയും സംസ്ഥാനഭരണത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കാന്‍ വഴിയൊരുങ്ങുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. സംസ്ഥാന മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വച്ചിരിക്കുന്ന ജഗ്‌മോഹന്‍ റെഡ്ഡി തിരികെ കോണ്‍ഗ്രസിലെത്തുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ താരമായി മാറും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുക വഴി താൻ ഒതുക്കപ്പെടും എന്ന് കരുതിയവര്‍ക്കുള്ള കനത്ത പ്രഹരവും മധുരമുള്ള പ്രതികാരവുമാകും അതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം.