തരൂരിന് എതിരെ കേസ്; എഫ്ബിയും ട്വിറ്ററും വഴി സമൻസ്

#

കൊല്‍ക്കത്ത (14-07-18) : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ അവർ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്ന പരാമർശം നടത്തിയതിന് ശശി തരൂരിനെതിരെ കേസ്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായ സുമീത് ചൗധരി നൽകിയ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തരൂരിന് കോടതി സമന്‍സ് അയച്ചു. രാജ്യത്തെ അപമാനിക്കുന്നതും മതേതരഘടനയെ തകർക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ് ശശി തരൂരിന്റെ പരാമർശമെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (മതസ്പർദ്ധ സൃഷ്ടിക്കുക) , 295 എ (മതവികാരം വ്രണപ്പെടുത്തുക), 1971 ലെ ദേശത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതിനെതിരായ നിയമം എന്നിവയനുസരിച്ചുള്ള കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. ഇസ്‌ലാമിക് രാഷ്ട്രമായ പാകിസ്ഥാനുമായി മതേതര രാഷ്ട്രമായ ഇന്ത്യയെ താരതമ്യപ്പെടുത്തുക വഴി രാജ്യത്തെ അപമാനിക്കുകയാണ് തരൂർ ചെയ്തതെന്ന് അമിത്‌ചൗധരി ഹർജിയിൽ പറയുന്നു. സാധാരണ നടപടിക്രമം അനുസരിച്ച് സമൻസ് അയയ്ക്കുന്നതോടൊപ്പം ട്വിറ്റർ വഴിയും ഫെയ്‌സ്ബുക്ക് വഴിയും തരൂരിന് സമൻസ് അയയ്ക്കാൻ കോടതി നിർദ്ദേശിച്ചെന്നും ഇത് രാജ്യത്ത് ആദ്യ സംഭവമാണെന്നും ഹർജിക്കാരനായ സമീത് ചൗധരി അവകാശപ്പെട്ടു.