റഷ്യയിൽ ഫ്രഞ്ച് വിപ്ലവം

#

(16-07-18) : ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് ലോക ഫുട്ബോളിലെ കിരീടം സ്വന്തമാക്കി. അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടിട്ടിലേക്കും നീണ്ട കടുത്ത മത്സരങ്ങൾ തുടർച്ചയായി കളിക്കേണ്ടി വന്നത് പരിചയസമ്പന്നരേറെയുള്ള ക്രൊയേഷ്യയുടെ കളിയിലുടനീളം പ്രകടമായപ്പോൾ ,യുവതാരങ്ങൾ നിറഞ്ഞ ഫ്രഞ്ച് ടീം വിജയം മാത്രം ലക്ഷ്യമിട്ടാണ് കളിച്ചത്.

കളിതുടങ്ങി പതിനെട്ടാം മിനിട്ടിൽ മരിയൊ മൻസൂക്കിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസ് മുന്നിലെത്തി. അന്റോണിയൊ ഗ്രീസ്മാന്റെ ഫ്രീകിക്കിനെ പുറത്തേക്കയക്കാനുള്ള ശ്രമം പിഴച്ച് സ്വന്തം പോസ്റ്റിലെത്തുകയായിരുന്നു.  പത്തു മിനിട്ടിനുള്ളിൽ ക്രൊയേഷ്യ സമനില പിടിച്ചു. മോഡ്രിച്ചിന്റെ ഫ്രീ കിക്കിൽ വിഡയുടെ അസിസ്റ്റ് .പെരിസിച്ചിന്റെ ഒന്നാന്തരം ഫിനിഷിംഗിൽ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരികെയെത്തി. മുപ്പത്തിയെട്ടാം മിനിട്ടിൽ ഫ്രാൻസ് രണ്ടാം ഗോളടിച്ചു. പെനാൽറ്റി ബോക്സിനുള്ളിലെ ഹാൻഡ്‌ബോളിനു ലഭിച്ച പെനാൽറ്റികിക്കിൽ നിന്നും ഗ്രീസ്മാനാണ് സ്കോർ ചെയ്തത്.

രണ്ടാം പകുതിയിൽ കളിയുടെ നിലവാരം നഷ്ടമായി . പ്രത്യാക്രമണത്തിൽ നിന്നും മധ്യനിര താരം പോൾ പോഗ്ബ ഫ്രാൻസിന്റെ  മൂന്നാംഗോളടിച്ചു. സ്വന്തം ഗോൾ ശ്രമത്തിന്റെ റീ ബൗണ്ട് ലോംഗ് റേഞ്ച് ഷോട്ടിലൂടെ പോഗ്ബ തന്നെ വലയിലെത്തിച്ചു. അറുപത്തിയഞ്ചാം മിനിട്ടിൽ കൗമാര താരം എംബാപ്പെ ഫ്രാൻസിനായി നാലാം ഗോളടിച്ചു. ബോക്സിനു പുറത്തു നിന്നുള്ള കരുത്തുറ്റ ഷോട്ട് വലയിലെത്തിയതിനു ശേഷമാണ് ക്രൊയേഷ്യൻ ഗോളി സുബാസിച്ച് പന്ത് കണ്ടത്. ഫ്രഞ്ച് ഗോളി ലോറിസിന്റെ പിഴവിൽ നിന്നു മരിയൊ മൻസൂക്കിച്ച് അറുപത്തിയൊമ്പതാം മിനിട്ടിൽ ക്രൊയേഷ്യ ക്കായി രണ്ടാം ഗോൾ നേടിയെങ്കിലും തിരിച്ചുവരവിനുള്ള ഊർജ്ജവും ആത്മവിശ്വാസവും ക്രൊയേഷ്യൻ താരങ്ങൾക്കുണ്ടായിരുന്നില്ല. 1998 മുതൽ ഉള്ള ഇരുപത് വർഷങ്ങളിൽ കൂടുതൽ തവണ ലോകകപ്പിന്റെ  ഫൈനലിലെത്തിയ ടീമായ ഫ്രാൻസ് (ഫ്രാൻസ് 3, ബ്രസീൽ 2, ജർമ്മനി 2 ) തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയപ്പോൾ ആദ്യമായി കലാശക്കളിക്കിറങ്ങിയ ക്രൊയേഷ്യ രണ്ടാംസ്ഥാനക്കാരായി മടങ്ങി.