സ്വാമി അഗ്നിവേശിനെതിരായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

#

ന്യൂഡല്‍ഹി (18-07-18) : ജാര്‍ഖണ്ഡില്‍ വച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരേ ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 365 കി.മീറ്റര്‍ അകലെ പാകുഡില്‍ ഗോത്രവിഭാഗക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് അഗ്നിവേശിന്റെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. ആക്രമിക്കുന്നവരുമായി സംഭാഷണം നടത്താന്‍ തയ്യാറാണെന്ന് സ്വാമി അഗ്നിവേശ് ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു.

80 വയസ്സുള്ള സ്വാമി അഗ്നിവേശിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചവിട്ടുകയും അടിക്കുകയും തറയില്‍ തള്ളിയിടുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് സമാനമായിരുന്നു തനിക്ക് നേരേയുള്ള ആക്രമണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. അടിക്കുന്നത് എന്തിനാണെന്ന് കൂപ്പുകൈകളോടെ ചോദിച്ചെങ്കിലും ഉത്തരം പറയാതെ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വാമി അഗ്നിവേശിനെ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് വിധേയനാക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തുടങ്ങിയവര്‍ സ്വാമി അഗ്നിവേശിനെതിരായ ബി.ജെ.പി ആക്രമണത്തെ അപലപിച്ചു.