അടിയന്തരാവസ്ഥയുടെ പ്രേതം കാര്‍ഷിക സര്‍വ്വകലാശാലയില്‍

#

തൃശൂർ (19-07-18) : കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ട് സര്‍വ്വകലാശാലയുടെ സര്‍ക്കുലര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള 1960ലെ പെരുമാറ്റച്ചട്ടത്തിലെ ഒരു ചട്ടം ഉദ്ധരിച്ചുകൊണ്ട് സര്‍വ്വകലാശാല രജിസ്ട്രാറാണ് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന വിചിത്രമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതൽ ശക്തമായതും ഔദ്യോഗിക ജീവിതം ഉൾപ്പെടെയുള്ള പൊതുജീവിതത്തില്‍ സുതാര്യത അനിവാര്യമായി മാറിയതുമൊന്നും കാര്‍ഷിക സര്‍വ്വകലാശാലയുടെ തലപ്പത്തിരുന്ന് വിചിത്രമായ ഇണ്ടാസുകള്‍ പടച്ചുവിടുന്ന സാറന്മാര്‍ അറിഞ്ഞിട്ടില്ല.

സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും എന്ന ഭീഷണിയില്‍ തുടങ്ങുന്ന സര്‍ക്കുലര്‍, "ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ, സര്‍ക്കാര്‍ എടുക്കുന്ന നടപടികളെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യുവാനോ വിമര്‍ശിക്കുവാനോ പാടില്ലാത്തതും അങ്ങനെയുള്ള ചര്‍ച്ചയിലോ വിമര്‍ശനത്തിലോ യാതൊരു രീതിയിലും പങ്കെടുക്കാനോ പാടില്ലാത്തതുമാണ്" എന്ന് തുടര്‍ന്നു പറയുന്നു.

സര്‍വ്വകലാശാലയ്ക്കുവേണ്ടി ഈ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ച മഹാന്മാര്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പരമ രഹസ്യങ്ങളായി കരുതപ്പെട്ടിരുന്ന ഔദ്യോഗിക വിവരങ്ങള്‍ വിവരാവകാശപ്രകാരം ലഭിക്കാന്‍ ഏതു പൗരനും അവകാശം നല്‍കുന്ന വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നിട്ട് 13 വര്‍ഷമാകുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും വാര്‍ത്താസമ്മേളനം നടത്തി കോടതി നടത്തിപ്പിലെ വീഴ്ചകള്‍ പരസ്യചര്‍ച്ചയ്ക്ക് വയ്ക്കുന്ന കാലത്താണ് സര്‍വ്വകലാശാല ജീവനക്കാര്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ അഭിപ്രായം പറയരുതെന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ മേലാളന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജനാധിപത്യം അനുക്രമം ശക്തിപ്പെടുമ്പോള്‍ കാലഹരണപ്പെടുന്ന നിയമങ്ങള്‍ മാറിയേ തീരൂ. കാലഹരണപ്പെട്ട ചില ചട്ടങ്ങളും നിയമങ്ങളും സാങ്കേതികമായി ഏടുകളില്‍ തുടര്‍ന്നാലും പ്രായോഗികമായി ആരും അവയെ കണക്കിലെടുക്കാറില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ആ കോഡ് ലംഘിച്ചു എന്ന പേരില്‍ ഏതെങ്കിലും ജീവനക്കാരനോ ജീവനക്കാരിക്കോ എതിരേ നടപടി സ്വീകരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും തയ്യാറാകുമോ? രാജ്യത്ത് നിലവിലുള്ള ഡ്രസ്‌കോഡ് അനുസരിച്ച് ലെഗിന്‍സ് ധരിച്ചുകൊണ്ട് ജീവനക്കാര്‍ ഓഫീസില്‍ വരാന്‍ പാടില്ല. അതിന്റെ പേരില്‍ ആരുടെയെങ്കിലും പേരില്‍ നടപടി സ്വീകരിക്കുമെന്ന് നമുക്ക് സങ്കല്പിക്കാന്‍ കഴിയുമോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്രസ് കോഡ് അനുസരിച്ച് റബ്ബര്‍ ചെരിപ്പ് ധരിക്കാന്‍ പാടില്ല. എന്തു വിചിത്രമായ നിബന്ധനയാണത്! ഇപ്പോഴും ചട്ടങ്ങളുടെ ഭാഗമായി തുടരുന്ന ഇത്തരം അസംബന്ധങ്ങള്‍ അവഗണിക്കാനുള്ളതാണെന്ന് തലയ്ക്ക് സ്ഥിരതയുള്ളവര്‍ക്കറിയാം. ആ ചട്ടങ്ങള്‍ എടുത്തുകളയാന്‍ വൈകുന്നത് നിയമനിര്‍മ്മാണത്തിനായി നമ്മള്‍ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്ന പമ്പര വിഡ്ഡികള്‍, അവരെ ഏല്‍പ്പിച്ച പണി ചെയ്യാന്‍ കൊള്ളരുതാത്തവരായതുകൊണ്ട് മാത്രമാണ്.

അറിയേണ്ട ചില കാര്യങ്ങളുണ്ട്. ജനാധിപത്യവിരുദ്ധമായ കാലഹരണപ്പെട്ട ചട്ടങ്ങള്‍ തപ്പിയെടുത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ ഉപയോഗിക്കാന്‍ ഏതാനും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം വന്നതെങ്ങനെയാണ്? ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ സര്‍ക്കുലര്‍, ഇതുവരെ സര്‍ക്കാരിന് രാഷ്ട്രീയനേതൃത്വം നല്‍കുന്നവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ? ഈ സര്‍ക്കുലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചവരുടെ മേല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും? ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന കൃഷിമന്ത്രി സുനില്‍കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിയുടെ നേതൃത്വത്തിനും ഈ സര്‍ക്കുലറിനെക്കുറിച്ചുള്ള നിലപാടെന്താണ്? ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ സര്‍ക്കുലറിനെ അംഗീകരിക്കുന്നുണ്ടോ? എന്തു പറയുന്നു എന്നതല്ല, എന്തു ചെയ്യുന്നു എന്നതാണല്ലോ പ്രധാനം.