ബി.ജെ.പിക്ക് വന്‍ തിരിച്ചടി : ബി.ജെ.ഡിയും ശിവസേനയും അവിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കും

#

ന്യൂഡല്‍ഹി (20-07-18) : നരേന്ദ്രമോദി സര്‍ക്കാരിന് എതിരേ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പിയുട പ്രമുഖ സഖ്യകക്ഷികളായ ബിജൂ ജനതാദളും ശിവസേനയും വിട്ടു നില്‍ക്കും. അവിശ്വാസ പ്രമേയത്തിന് എതിരേ വോട്ടു ചെയ്യാന്‍ ഇന്നലെ വിപ്പു നല്‍കിയ ശിവസേന, ലോക്‌സഭ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പായാണ് തീരുമാനം മാറ്റിയത്. അവിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടി തലവന്‍ ഉധവ് താക്കറെയാണ് എടുത്തത്. അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുമ്പോഴാണ് തങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയാണെന്ന് ബിജൂ ജനതാദള്‍ നേതാവ് ലോക്‌സഭയില്‍ അറിയിച്ചത്.

ശിവസേനയും ബി.ജെ.ഡിയും മാറി നിന്നാലും അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്നത് ഉറപ്പാണ്. പക്ഷേ, ബി.ജെ.പിയോടൊപ്പം നിന്നിട്ടുള്ള ബിജൂ ജനതാദളും ശിവസേനയും വിട്ടുനില്‍ക്കുന്നത് ബി.ജെ.പിക്ക് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ്. ലോകസ്ഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ബി.ജെ.പിക്ക് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) അല്ലാതെ ജനപിന്തുണയുള്ള ഒരു പാര്‍ട്ടിയും കൂടെയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍, കാറ്റ് വീശുന്നത് ബി.ജെ.പിക്ക് എതിരേയാണെന്ന ശക്തമായ സൂചനകളാണ് ലോക്‌സഭയില്‍ നിന്ന് ലഭിക്കുന്നത്.