ചരിത്രം സൃഷ്ടിച്ച റഷ്യന്‍ വസന്തം കഴിയുമ്പോള്‍

#

(20-07-18) : ആരവങ്ങളടങ്ങി. പോരാളികളും ജേതാക്കളും ആരാധകരും മടങ്ങി. ലോകത്തിന്റെ നെഞ്ചിടിപ്പേറ്റി, കോടി ക്കണക്കിന് മനസ്സുകളുടെ സ്വപ്നവും പ്രതീക്ഷയും പേറി നിലയ്ക്കാതെ സഞ്ചരിച്ച പന്തിന് 2022 ൽ ഖത്തറിൽ ഉരുളും വരെ ഇനി വിശ്രമിക്കാം.

ഫുട്ബോളിന്റെ ചരിത്രത്തിൽ ബാലൻദ്യോർ പുരസ്ക്കാരം ലഭിച്ച ഒരേയൊരു ഗോൾകീപ്പറായ ലെവ് യാഷിന്റ നാട്ടിൽ നടന്ന ലോകകപ്പിൽ ചില ചരിത്രങ്ങൾ ആവർത്തിക്കപ്പെട്ടു. ചിലത് പുതിയതായി രചിക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും ,മികച്ച കളിക്കാരനും കപ്പുയർത്തുകയില്ലെന്ന 2006 ൽ തുടങ്ങിയ പതിവ് തെറ്റിയില്ല. 6 ഗോൾ നേടി ടോപ്പ് സ്കോററായ ഹാരി കെയ്നിന്റെ ഇംഗ്ലണ്ട് സെമിയിൽ തോറ്റുപോയി. ( 2002 ൽ ബ്രസീലിന്റെ റൊണാൾഡോയാണ് 8 ഗോൾ നേടി ടോപ്പ് സ്കോററർ പദവിക്കൊപ്പം ലോകകപ്പും ജയിച്ച അവസാന താരം) .

2002 ൽ ബ്രസീൽ കപ്പുയർത്തിയപ്പോൾ മികച്ച കളിക്കാരനായും ഗോളിയായും തെരഞ്ഞെടുക്കപ്പെട്ടത് ജർമ്മനിയുടെ ഒളിവർ ഖാനായിരുന്നു. 2006 ൽ ഇറ്റലി ചാമ്പ്യന്മാരായപ്പോൾ മികച്ച താരമായത് ഫ്രാൻസിന്റെ സിനദിൻ സിദാൻ. 2010 ൽ സ്പെയിൻ വിജയിച്ച ലോകകപ്പിലെ മികച്ച പ്ലെയറായത് ഉറുഗ്വേയുടെ ഡീഗോ ഫോർലാനായിരുന്നു. 2014 ൽ അർജന്റീനയെ വീഴ്ത്തി ജർമ്മനി ചാമ്പ്യന്മാരായപ്പോൾ ലയണൽ മെസിക്കായിരുന്നു മികവിനുള്ള ബഹുമതി.

കപ്പുയർത്തുന്ന ടീമിന്റെ ഗോളിമാർ മികച്ച ഗോളിമാരായി തെരഞ്ഞെടുക്കപ്പെടുന്ന 2006 മുതലുള്ള പതിവ് ഇത്തവണ തെറ്റി. 2006 ൽ മികച്ച ഗോളിയായത് ഇറ്റലിയുടെ ജിയാൻ ലൂയി ബഫണും, 2010 ൽ സ്പെയിനിന്റെ ഐകർ കാസിലസും, 2014ൽ ജർമനിയുടെ മാന്യൂൽ ന്യൂയറും ലോകകപ്പിനൊപ്പം മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരങ്ങൾ നേടിയപ്പോൾ 2018 ലെ പുരസ്കാരം നേടിയത് സെമി ഫൈനലിൽ തോറ്റു പോയ ബൽജിയത്തിന്റെ ഗോളി തിബോ കുർട്ടയാണ്. 1998 മുതൽ തുടങ്ങിയ ആദ്യമായി ഫൈനലിലെത്തുന്ന ടീമുകൾ ചാമ്പ്യന്മാരാകുമെന്ന ചരിത്രവും തിരുത്തപ്പെട്ടു . (1998 ൽ ഫ്രാൻസും 2010ൽ സ്പെയിനും ആദ്യമായി ഫൈനലിലെത്തി ചാമ്പ്യന്മാരായിരുന്നു)

സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളിലും, ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും, സംപ്രേഷണ സംവിധാനങ്ങളിലുമെല്ലാം തന്നെ മെച്ചപ്പെട്ട നിലവാരം പുലർത്തിയ റഷ്യൻ ലോകകപ്പിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ടീമുകളുടെ കളിനിലവാരമായിരുന്നു. രാജ്യാന്തര ഫുട്ബോളിൽ വമ്പൻ ടീമുകളുടെ അധീശത്വം അവസാനിക്കുമെന്ന വ്യക്തമായ സൂചനകളാണ് 2018 ലോകകപ്പ് മുന്നോട്ട് വെക്കുന്നത്. കളിയിലും തന്ത്രത്തിലും ഒത്തിണക്കത്തിലുമെല്ലാംതന്നെ ടീമുകൾ തമ്മിലുള്ള അന്തരം വളരെയേറെ കുറഞ്ഞിരിക്കുന്നു. വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിനും പെരുമയ്ക്കുമപ്പുറത്ത് അന്നത്തെ കളിയിൽ എത് ടീമാണോ മെച്ചപ്പെട്ട ഗെയിം പ്ലാൻ ആവിഷ്ക്കരിച്ച് കൃത്യമായി നടപ്പാക്കുന്നത് അവർ വിജയിക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പന്തിനുമേലുള്ള മേധാവിത്തവും,കളിയിലെ മറ്റു കണക്കുകളും എന്തുതന്നെയായാലും പരിഭ്രമമില്ലാതെ ഫിനിഷ് ചെയ്യുന്ന കളിക്കാരുള്ള ടീം  വിജയിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു പല മത്സരഫലങ്ങളും. ബ്രസീലിനെതിരായ ബൽജിയത്തിന്റെ വിജയവും ജർമ്മനിക്കെതിരായ ദക്ഷിണ കൊറിയയുടെ വിജയവും ഇത്തരത്തിൽ പെടുന്നവയായിരുന്നു .

1930ൽ ഉറുഗ്വയിൽ തുടങ്ങിയ ഫുട്ബോൾ മാമാങ്കം 2022 ൽ ഖത്തറിൽ എത്തുമ്പോൾ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തോളം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുടിയിരുത്തപ്പെട്ട ചില അപൂർവ്വ പ്രതിഭകൾ ബൂട്ടഴിച്ചിട്ടുണ്ടാകും. ലയണ്ണൽ മെസ്സിയും ഡി മരിയയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയി സുവാരസും എഡിസൺ കവാനിയും ഹമീഷ് റോഡ്രിഗസ്സും റഡമൽ ഫൽക്കാവോയും മുഹമ്മദ് സലയും മരിയൊ മൻസൂക്കിച്ചും ഗില്ലർമോ ഒച്ചേവയും കെയ്ലർ നവാസും തോമസ് മുള്ളറും മാന്യൂവൽ ന്യൂയറും ഈഡൻ ഹസാർഡും ഡിബ്രുയിനയും ഇനിയേസ്റ്റയും തിയാഗോ സിൽവയും ഒക്കെ നഷ്ടസ്വപ്നങ്ങളായേക്കാം. പക്ഷേ പുൽമൈതാനങ്ങളിൽ കവിത രചിക്കാൻ , ആരാധക മനസ്സുകളിൽ ആവേശത്തിന്റെ കടൽ നിറയ്ക്കാൻ നിങ്ങളുടെ പിന്മുറക്കാർ വരുമെന്ന് തീർച്ച.ഞങ്ങൾ അവർക്കായി കാത്തിരിക്കും .

ഫ്രാങ്ക് പുഷ്കാസും യൊഹാൻ ക്രൈഫും ലയണൽ മെസ്സിയും ഉടമകളായുള്ള നഷ്ട സ്വർഗ്ഗത്തിലിരുന്ന് ആരാകും ഇനി ലോകത്തെ വേദനിപ്പിക്കുന്നത്.