പശുവിന്റെ പേരില്‍ വീണ്ടും കൊല

#

ജയ്പൂര്‍ (21-07-18) : പശുവിനെ കടത്തി എന്ന സംശയത്തില്‍ രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആള്‍വാറിലെ രാംഗറില്‍ കാല്‍നടയായി പശുക്കളുമായി പോകുകയായിരുന്ന രണ്ടുപേരെ പ്രദേശവാസികളായ കുറച്ചുപേര്‍ ചേര്‍ന്ന് തടഞ്ഞുനിറുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്ബര്‍ഖാന്‍ എന്നയാളാണ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞത്. ഹര്യാനയിലെ തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് രണ്ടു പശുക്കളുമായി രാജസ്ഥാനിലെ രാംഗറിലേക്ക് വരികയായിരുന്നു അക്ബര്‍ ഖാനും കൂടെയുള്ളയാളും.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെ പിന്നാലെയാണ് രാജസ്ഥാനില്‍ വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല നടന്നിരിക്കുന്നത്. പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ നിയമം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി വിധിയോട് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.