വെറുപ്പും ഭയവും വിദ്വേഷവും മോദിയുടെ ആയുധങ്ങള്‍ : രാഹുല്‍

#

(21-07-18) : ലോക്‌സഭയില്‍ ഇന്നലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയുടെ മികച്ച പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെടുന്നതിനിടയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചും കോണ്‍ഗ്രസിന്റെ നയം വിശദീകരിച്ചും രാഹുലിന്റെ ട്വീറ്റ്. നമ്മുടെ ജനങ്ങളില്‍ കുറച്ചുപേരില്‍ വെറുപ്പും ഭയവും വിദ്വേഷവും വിതയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. എല്ലാ ഇന്ത്യാക്കാരുടെയും ഹൃദയങ്ങളിലെ സ്‌നേഹവും സഹാനുഭൂതിയുമാണ് രാഷ്ട്രനിര്‍മ്മാണത്തിനുള്ള ഏക വഴിയെന്ന് തങ്ങള്‍ തെളിയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയും നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളില്‍ വിദ്വേഷം വിതച്ച് നാശം സൃഷ്ടിക്കുകയാണെന്നും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മാര്‍ഗ്ഗമാണ് കോണ്‍ഗ്രസ്സിന്റേതുമെന്ന വാദം തുടര്‍ച്ചയായി തന്റെ പ്രസംഗങ്ങളിലെല്ലാം രാഹുല്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് തെളിയിക്കാനെന്ന വണ്ണമാണ് രാഹുല്‍ ഇന്നലെ പ്രസംഗത്തിനുശേഷം പ്രധാനമന്ത്രി മോദിയുടെ സമീപം ചെന്ന് അദ്ദേഹത്തെ ആശ്ലേഷിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, ശിവസേനയുടെ മുഖചിത്രമായ സാമ്‌ന പോലും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശംസിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വിജയം രാഹുലിനാണെന്ന് സാമ്‌ന മുഖപ്രസംഗത്തില്‍ എഴുതി. രാഹുല്‍ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. മോദിയുടെ പ്രസംഗത്തില്‍ നാടകമല്ലാതെ കഴമ്പുണ്ടായിരുന്നില്ലെന്നും ജ്യോതിരാദിത്യ അഭിപ്രായപ്പെട്ടു.