നോവലിനെ എതിര്‍ക്കുന്നത് വായിക്കാന്‍ അറിയാത്തവര്‍ : മനോജ് കുറൂര്‍

#

(21-07-18) : (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന മീശ എന്ന നോവൽ, ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് പിൻവലിക്കാനുള്ള നോവലിസ്റ്റ് എസ്.ഹരീഷിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, സ്വതന്ത്രമായ ആവിഷ്കാരത്തിന് നേരേ ഉയരുന്ന വെല്ലുവിളികളെക്കുറിച്ച് നോവലിസ്റ്റും കവിയും സാഹിത്യചിന്തകനുമായ മനോജ് കുറൂർ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

സാഹിത്യകൃതി വായിക്കാനുള്ള സാക്ഷരത നേടിയിട്ടില്ലാത്തവരാണ് ഹരീഷിന്റെ നോവലിനെ കുറിച്ച് ആക്ഷേപങ്ങളുന്നയിക്കുന്നത്. നോവലിന്റെ കാര്‍ണിവല്‍ സ്വഭാവത്തെക്കുറിച്ച് മിഖായല്‍ ബക്തിന്‍ പറഞ്ഞതിനെക്കുറിച്ചൊക്കെ നോവലിനെ ആക്ഷേപിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഏതു വ്യവസ്ഥയ്ക്കകത്തും അതിനെ നിലനിര്‍ത്തുന്നതും പ്രതിപ്രവര്‍ത്തിക്കുന്നതുമായ ഘടകങ്ങളുണ്ട്. അവയുടെ ബലാബലത്തിലാണ് സംഘര്‍ഷം എന്ന സംഗതി ഉടലെടുക്കുന്നത്. കലയുടെ തന്നെ അടിസ്ഥാനസ്വഭാവം സംഘര്‍ഷമാണ്. നോവലിൽ പല കഥാപാത്രങ്ങളുണ്ടാവും. പല അഭിപ്രായങ്ങള്‍ വരും. ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ നോവലിനെ വിമര്‍ശിക്കാന്‍ സാഹിത്യസാക്ഷരത ഇല്ലാത്തവര്‍ക്കേ കഴിയൂ.

നോവലിസിറ്റിന്റെ അഭിപ്രായം എന്തെന്നറിയാന്‍ നോവല്‍ പൂര്‍ണ്ണമായും വായിക്കണം. രണ്ട് അധ്യായം വായിച്ചിട്ട് ഒരു നോവലിനെ വിലയിരുത്തുന്നതെങ്ങനെയാണ്? നോവലിലെ ആഖ്യാതാവിനെ നോവലിസ്റ്റായി കാണാന്‍ കഴിയുമോ? നെഗറ്റീവ് ക്യാരക്ടറുള്ള ആഖ്യാതാവുണ്ടാകാം. അതൊക്കെ നോവൽ നൽകുന്ന സ്വാതന്ത്ര്യമാണ്. ഇനി നോവലിനോട് അഭിപ്രായ വ്യത്യാസമുണ്ടായാൽ പോലും എഴുത്തുകാരനെതിരേയുള്ള ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല. എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്നത് പ്രാകൃതമാണ്. എഴുത്തുകാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായ എഴുത്തുകാരന്‍തന്നെ എഴുത്തില്‍ ആ പ്രസ്ഥാനത്തെ വിമര്‍ശിക്കാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശമില്ല.

കലാപ്രവര്‍ത്തനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം. നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഹരീഷിന് പിന്തുണ നല്‍കേണ്ടത് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ബാധ്യതയാണ്. ഒരു സാഹിത്യകൃതിയെ സാഹിത്യകൃതിയായി വായിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. രണ്ടു മൂന്ന് അധ്യായം പ്രസിദ്ധീകരിച്ച ഒരു നോവല്‍ നിറുത്തിവെച്ചാല്‍ അത് നോവലിനെ എതിര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കും. നോവലിലെ കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ നോവലിസ്റ്റിനെ ആക്രമിക്കുകയും അത്തരക്കാരുടെ ഭീഷണിക്കു വഴങ്ങി നോവല്‍ നിറുത്തി വയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടാകരുത്. അങ്ങനെയായാൽ ഇനി ആര്‍ക്കും ഒന്നും എഴുതാന്‍ കഴിയാത്ത സ്ഥിതി ഇവിടെയുണ്ടാകും. നോവൽ പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് ഹരീഷ് പിന്മാറണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സാഹിത്യ സാക്ഷരതയില്ലാത്തവരുടെ എതിർപ്പിനെ ചെറുത്തുതോല്പിക്കണം.