കീഴടങ്ങരുത് : ഹരീഷിനോട് കെ.പി.രാമനുണ്ണി

#

( 22.07.2018 ) : ( മീശ എന്ന നോവൽ പിൻവലിക്കാനുള്ള തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ കെ.പി.രാമനുണ്ണി ലെഫ്റ്റ് ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.)

ഹരീഷിന്റെ മീശ എന്ന നോവലിന് എതിരായി ഭീഷണികളുണ്ടാകുകയും നോവൽ കഥാകാരൻ തന്നെ പിൻവലിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തിൽ ഏറ്റവും മോശപ്പെട്ട കാര്യമാണിത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നോവലിന് എതിരായി കുറച്ചു വർഗ്ഗീയ വാദികൾ ഭീഷണി ഉയർത്തിയത് തികച്ചും നിർഭാഗ്യകരമായ സംഭവമാണ്. എന്നാൽ നോവൽ ഹരീഷ് പിൻവലിച്ചതോടെ അതൊരു വലിയ ദുരന്തമായി കലാശിച്ചു. മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കുന്ന വർഗ്ഗീയ വാദികൾ ഇതിനു മുമ്പും ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായി പടവാളുയർത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം തന്നെ കലാകാരന്മാരും അവരോടൊപ്പമുള്ള പുരോഗമനവാദികളും അതിനെ പരമാവധി തടുത്തിട്ടുണ്ട്. അതുപോലെ ഹരീഷിന്റെ നോവലിന് എതിരായ ആക്രമണത്തെയും നമുക്ക് ഒന്നിച്ചു നിന്ന് എതിർക്കാമായിരുന്നു.

ഹരീഷിന്റെ നോവലിലെ പരാമർശിക്കപ്പെട്ട ഭാഗങ്ങളിലൂടെ ഞാൻ കടന്നു പോയതാണ്. നോവൽ എന്നു പറയുന്നത് പുണ്യാളമാരുടെ ചരിതം മാത്രമല്ല. അതിൽ ദുഷ്ട കഥാപാത്രങ്ങളും സിനിക്കലായ ആളുകളും പരിഹാസബോധമുള്ളവരുമൊക്കെയുണ്ടാകും. അങ്ങനെയുള്ള പല തരം കഥാപാത്രങ്ങളുടെ ജീവിതം ആവിഷ്കരിക്കുമ്പോഴാണ് അത് ഒരു കലാസൃഷ്ടിയാകുന്നത്. നോവലിലെ ഒരു ദുഷ്ടകഥാപാത്രത്തിന്റെ സംഭാഷണം നോവലിസ്റ്റിന്റെ അഭിപ്രായമായി ചിത്രീകരിച്ച് അതിനെതിരേ വാളുയർത്തുക എന്നത് സാഹിത്യത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത അസഹിഷ്ണുതയുടെ പ്രതികരണമാണ്

ഹൈന്ദവർ ആരാധിക്കുന്നവരാണ് ശ്രീരാമനും ശ്രീകൃഷ്ണനും. ശ്രീരാമന് എതിരായി എന്തെല്ലാം ഭർത്സനങ്ങളാണ് രാവണൻ നടത്തിയിട്ടുള്ളത് ! രാമന് എതിരായ രാവണന്റെ ഭർത്സനങ്ങൾ രാമായണത്തിൽ ചിത്രീകരിച്ചതിന്റെ പേരിൽ വാല്മീകിക്ക് എതിരായി ആരെങ്കിലും വാളുയർത്തിയിട്ടുണ്ടോ? അതുപോലെ ശ്രീകൃഷ്ണന് എതിരായി ദുര്യോധനൻ എന്തെല്ലാം പരിഹാസശരങ്ങൾ തൊടുത്തുവിട്ടു ? അതിന്റെ പേരിൽ വ്യാസനെ ആരെങ്കിലും അധിക്ഷേപിക്കാറുണ്ടോ? സാഹിത്യത്തിന്റെ പ്രാഥമിക കാര്യങ്ങളെക്കുറിച്ച് പോലും ഒന്നുമറിയാത്ത ഒരു സംഘം ആളുകളാണ് വർഗ്ഗീയവിദ്വേഷമുണ്ടാക്കാനും എഴുത്തുകാരനെ ഭീഷണിപ്പെടുത്താനും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

അമ്പലത്തിൽ പോകുന്നവരെക്കുറിച്ച് ഒരു കാലഘട്ടത്തിൽ ,ഏതോ ഒരു കഥാപാത്രത്തിനുള്ള നിഷേധാത്മകമായ ചിന്ത ആവിഷ്കരിക്കുമ്പോൾ ആ സന്ദർഭം ആവശ്യപ്പെടുന്ന പരാമർശങ്ങൾ നോവലിൽ വരും. അപ്പോൾ, നിങ്ങൾ പള്ളിയിൽ പോകുന്നവരെപ്പറ്റി പറയാത്തതെന്ത് എന്ന് ചോദിക്കുന്നത് തീർത്തും വർഗ്ഗീയമായ സമീപനമാണ്. പള്ളിയിൽ പോകുന്നവരെ കുറിച്ച് എഴുതുന്ന സന്ദർഭത്തിൽ അങ്ങനെ ഒരു കഥാപാത്രത്തിന് അഭിപ്രായമുണ്ടെങ്കിൽ അത് കൃതിയിൽ കടന്നു കൂടും. ഹിന്ദുക്കളെ എല്ലാവരും അപമാനിക്കുകയാണെന്ന പ്രചരണം നടത്തി ഹിന്ദുമതത്തിൽപെട്ടവരിൽ അരക്ഷിതബോധം സൃഷ്ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഈ നോവൽ ഹിന്ദുമതക്കാർക്ക് എതിരായ ഒരു ആക്രമണമാണെന്ന പ്രചരണം. ഫാഷിസ്റ്റ് വർഗ്ഗീയ രീതികളുടെ ഒരു പ്രദർശനമാണ് കാണാൻ കഴിയുന്നത്. അതിനെ കൃത്യമായി തിരിച്ചറിഞ്ഞ് യുക്തിയുക്തം പ്രതിരോധിക്കണം.

ഹൈന്ദവ സംസ്കാരമെന്നത്, അതിനുള്ളിൽ എല്ലാ ന്യൂനപക്ഷ വീക്ഷണങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും എതിർചിന്തകൾക്കും ഇടം നല്കുന്ന മഹത്തായ സംസ്കൃതിയാണ്. അതാണ് അമർത്യാസെൻ Argumentative Indian എന്നു പറയുന്നത്. സംവാദാത്മകമാണ് ആ സംസ്കാരം അന്നത്തെ ആസ്തിക്യ ബോധത്തിനെതിരായി കലഹിച്ച ചാർവാകന്മാർക്ക് മഹർഷിയുടെ പദവി നല്കിയ സംസ്കാരമാണ് അത്. ചാർവാക മഹർഷി എന്നാണല്ലോ പറയുക. ആ സംസ്കൃതിയുടെ പേരിൽ ആണയിട്ടു കൊണ്ടാണ് , ഒരു നോവലിൽ ഒരു കഥാപാത്രം പറയുന്ന വാക്കുകളുടെ പേരിൽ നോവലിസ്റ്റിനെ ആക്രമിക്കുക എന്ന അല്പത്തരം കാണിക്കുന്നത്. ഇത് ഹൈന്ദവതയുടെ സംരക്ഷണത്തിനു വേണ്ടിയല്ല, മറിച്ച്, വിഭാഗീയത സൃഷ്ടിക്കാൻ വേണ്ടിയാണ്. വർഗ്ഗീയത വളർത്താൻ വേണ്ടിയാണ്.

മതത്തിന്റെ ജനാധിപത്യപരവും വിപ്ലവാത്മകവുമായ മുഖങ്ങൾ അടച്ച് തമസ്കരിക്കുകയും വികൃതവലക്കരിക്കുകയും ചെയ്യുക എന്നത് എല്ലാ മതമൗലികവാദികളുടെയും പൗരോഹിത്യത്തിന്റെയും വർഗ്ഗീയ വാദികളുടെയും സ്വഭാവമാണ്. അതിനു മുന്നിൽ ഇത്രവേഗം മുട്ടുമടക്കേണ്ട ആവശ്യം ഹരീഷിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന് വൈകാരികമായ പ്രശ്നങ്ങളുണ്ടാകാം. കുടുംബത്തിലെ അംഗങ്ങളുടെ പ്രശ്നങ്ങളുണ്ടാകാം. പക്ഷേ, അദ്ദേഹം ഒരിക്കലും കീഴടങ്ങാൻ പാടില്ല. സാംസ്കാരിക കേരളം ഒന്നാകെ ഹരീഷിന്റെ കൂടെ നില്ക്കും. എന്തിനാണ് ഹരീഷ് വഴങ്ങിക്കൊടുത്തത്? ഈ വഴങ്ങിക്കൊടുക്കൽ ഹരീഷിന്റെ മാത്രം വ്യക്തിപരമായ പ്രശ്നമല്ല. ഇത് എഴുതിത്തുടങ്ങുന്നവരിൽ ഭീതിയുണ്ടാക്കും. തങ്ങൾ വാളുയർത്തിക്കഴിഞ്ഞാൽ ഇവിടെ എന്തും നടക്കുമെന്നും ആരെയും കീഴടക്കാൻ കഴിയുമെന്നുമുള്ള അഹന്തയും ആത്മവിശ്വാസവും അക്രമകാരികളിൽ സൃഷ്ടിക്കാനും ഇത് കാരണമാകും.

ഇന്നലെ ഞാൻ സ്വാമി അഗ്നിവേശിനോട് സംസാരിച്ചിരുന്നു. കേരളത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചിരുന്നു. ഇതു കേട്ടപ്പോൾ വല്ലാത്ത ഒരു നിസ്സഹയാവസ്ഥ അനുഭവപ്പെട്ടു. കേരളത്തിന്റെ പുരോഗമനപരമായ നിലപാടിൽ നിന്നുള്ള ഒരു പുറകോട്ടു പോകൽ പോലെയായിപ്പോയി ഹരീഷിന്റെ പിൻവാങ്ങൽ. ഞാൻ ഹരീഷിനെ വ്യക്തിപരമായി കുറ്റപ്പെടുത്തില്ല. ഹരീഷിന്റെ താല്ക്കാലികമായ ഈ വഴങ്ങൽ ഒരു പ്രശ്നമല്ല. ഈ നോവൽ വീണ്ടും വായനക്കാരിലെത്തിക്കാനുള്ള തീരുമാനമെടുക്കാൻ ഹരീഷിനു കഴിയുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. സാംസ്കാരിക കേരളത്തിന്റെ പൂർണ്ണ പിന്തുണ ഹരീഷിനുണ്ടാകും.