മോഹന്‍ലാലിന് എതിരായ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്

#

(24-07-18) : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രശസ്ത നടന്‍ പ്രകാശ് രാജ്. മോഹന്‍ലാലിനെ ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രമല്ല, അങ്ങനെ ഒരു നിവേദനത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത കാര്യത്തില്‍ താരസംഘടനയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അക്കാര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ പ്രകാശ് രാജ്, പക്ഷേ, മോഹന്‍ലാലിനെ ഒറ്റപ്പെടുത്തുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ്  തന്റെ നിലപാട് അറിയിച്ചത്.

കഴിഞ്ഞ ദിവസം നൂറിലേറെ സാംസ്‌കാരിക, സിനിമാപ്രവര്‍ത്തകര്‍ ഒപ്പിട്ടു നല്‍കിയ നിവേദനത്തിലാണ് ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തന്റെ അനുവാദമില്ലാതെയാണ് നിവേദനത്തില്‍ തന്റെ പേരുള്‍പ്പെടുത്തിയതെന്ന് ക്യാമ0റാമാന്‍ സന്തോഷ് തുണ്ടിയിലും അറിയിച്ചു.