ചിലപ്പോള്‍ അത് ഹരീഷിന്റെ വിവേകമായിരിക്കാം

#

(24.07.2018 ) :  ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ ജനാധിപത്യത്തിലെ മതജീവതം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യനായ ഒരാളെ സംഘടിപ്പിക്കണമെന്ന് ഗുലാബ്ജാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാമി അഗ്നിവേശിനെ രണ്ട് ദിവസം മുമ്പ് വിളിച്ചത്. തുഞ്ചന്‍ ഉത്സവത്തിലും മറ്റു ചില പരിപാടിയിലും കണ്ടുമുട്ടിയതിന്റെ പരിചയം എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നു. ആചാര്യന് അടി കൊണ്ടതിന്റെ ചൂട് ആറിയിട്ടില്ലാത്തതിനാലാകാം ഫോണെടുത്ത അനുചരന്‍ സംശയരോഗിയെപ്പോലെ കുറേ ചോദ്യങ്ങള്‍ തൊടുത്തു. പിറ്റേന്ന് മാത്രമായിരുന്നു സ്വാമി അഗ്നിവേശുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. നിമിഷാര്‍ദ്ധം കൊണ്ട് മുന്‍പരിചയം ഓര്‍ത്തെടുത്ത സ്വാമിയോട് ഞാന്‍ ആദ്യം വിളിക്കാനുണ്ടായ കാര്യം ഉണര്‍ത്തിച്ചു. പിന്നീട് അദ്ദേഹത്തിനേറ്റ ശരീരക്ഷതങ്ങളുടെ അവസ്ഥകള്‍ അന്വേഷിച്ചു.

"താങ്കളെപ്പോലുള്ള വന്ദ്യവയോധികരോട് വല്ലാത്ത അതിക്രമമാണ് ഇവന്മാര്‍ ചെയ്തത്."
പെട്ടെന്നെനിക്ക് ക്ഷോഭം കയറി.
"വാട്ട് റ്റു ഡൂ?"
സ്വാമിയുടെ സ്വരത്തില്‍ ആത്മാനുതാപം കലിച്ചു.
"ഏത് വിരുദ്ധാഭിപ്രായങ്ങള്‍ക്കും ഇടം നല്‍കിയിരുന്ന ഹിന്ദുധര്‍മ്മത്തിന്റെ പേരിലാണല്ലോ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. സത്യത്തില്‍ ഹൈന്ദവതയുടെ ശത്രുക്കളാണ് ഹിന്ദുത്വഫാസിസ്റ്റുകള്‍."
ഞാന്‍ നടത്തിയ തത്വപ്രഖ്യാപനം സ്വാമി അഗ്നിവേശിന് ഊര്‍ജ്ജം പകര്‍ന്നതായി തോന്നി.
"യു ആര്‍ പേര്‍ഫെക്റ്റ്‌ലി കറക്റ്റ്."
ആത്മശോകം വെടിഞ്ഞ് ആവേശത്തോടെ അദ്ദേഹം പ്രതിവചിച്ചു.

"സാംസ്‌ക്കാരിക കേരളം മുഴുവന്‍ താങ്കള്‍ക്കൊപ്പമാണ് സ്വാമീ. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിക്ക് അഗ്നിവേശ് തന്നെ വരണമെന്നത് കോഴിക്കോട് നഗരത്തിന്റെ മൊത്തം ആഗ്രഹമാണ്. സെമിനാര്‍ ഉദ്ഘാടനത്തോടൊപ്പം ഒരു സ്വീകരണവും സംഘാടകര്‍ ആലോചിക്കുന്നുണ്ട്."

എന്നില്‍ സന്മനസ്സ് പൂത്തു.
"ഐ നോ രാമനുണ്ണീ, കേരളാ ഇസ് ദ മോസ്റ്റ് പ്രോഗ്രസ്സീവ് സ്റ്റേറ്റ് ഇന്‍ അവര്‍ കണ്‍ട്രി. ദ കറേജ് ഷോണ്‍ ബൈ മലയാളീസ് ഇന്‍ റസിസ്റ്റിങ് കമ്മ്യൂണല്‍ ഫോഴ്‌സസ് ഈസ് യുനീക്."
മൊത്തം കേരളീയര്‍ക്കുള്ള അനുമോദനം അദ്ദേഹം എന്നിലേക്ക് ചൊരിഞ്ഞു.
കൃതാര്‍ത്ഥനായ ഞാന്‍ ആഹ്ലാദപ്രകടനത്തിന് കൂറ്റുയര്‍ത്തി. പക്ഷെ ശ്വാസം മുട്ടിയ പോലെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി. കയ്യും കാലും തളര്‍ന്നു. ശരീരം വിയര്‍ത്തൊഴുകി.

ഹല്ലോ, ഹല്ലോ എന്ന സ്വാമിയുടെ ആരായലുകള്‍ക്ക് പ്രതികരണങ്ങളേ പൊങ്ങിയില്ല. മനസ്സ് കുടഞ്ഞെടുത്ത് നോക്കിയപ്പോള്‍ മുന്നിലതാ ഹരീഷിന്റെ പ്രതിബിംബം. അദ്ദേഹത്തിന്റ യമണ്ടന്‍ തൊണ്ടമുഴ എന്റെ തൊണ്ടയിലേക്ക് കോര്‍ക്കടിച്ചതായിരുന്നു ശ്വാസംമുട്ടിന് കാരണം. അദ്ദേഹത്തിന്റെ നൈരാശ്യം സംക്രമിച്ചെത്തിയതായിരുന്നു കൈകാല്‍ തളര്‍ച്ചക്ക് ഹേതു. ആ വാക്കുകളിലെ അരക്ഷിതബോധമായിരുന്നു ശരീരത്തെ വെള്ളപ്പിണ്ടിയാക്കി മാറ്റിയതിന് പിന്നില്‍.

നാടിന്റെ സമരവീര്യത്തെ പ്രതി കോരിത്തരിക്കാന്‍ പോലും ഹരീഷിന്റെ ചെയ്തി പ്രതിബന്ധമായെങ്കില്‍ എന്തെല്ലാം പ്രത്യാഘാതങ്ങളായിരിക്കും ഭാവിയിലത് കേരള സംസ്‌ക്കാരിക രംഗത്ത് സൃഷ്ടിക്കുക.
ഞാന്‍ ആളിപ്പോയി.
ആളലോടെ ഓടിച്ചെന്ന് ഹരീഷിന്റെ പ്രതിബിംബത്തെ പൂണ്ടടക്കം പിടിച്ച് ഇങ്ങനെ ചോദിച്ചു.
"എന്തിനാണ്, എന്തിനാണ് ഹരീഷേ, ഇത്രയെളുപ്പം കീഴടങ്ങിയത്? കേരളത്തിലെ എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഒന്നടങ്കം താങ്കളുടെ പിറകില്‍ ഉണ്ടാകുമായിരുന്നില്ലേ?"
വിഷാദഭരിതവും അര്‍ത്ഥഗര്‍ഭവുമായൊരു ചിരി ഹരീഷില്‍ തെളിഞ്ഞു.
"പുറമേക്ക് എല്ലാവരും ഉണ്ടാകും. എന്നാല്‍ ഉള്ളിന്റെ ഉള്ളിലോ?!"
അദ്ദേഹം നൊമ്പരത്തോടെ ചോദിച്ചു.
പൊടുന്നനെ നോവല്‍ വിവാദത്തിലൂടെ ഹരീഷിന് ലഭിച്ച പ്രശസ്തിയുടെ പേരില്‍ പല എഴുത്തുകാരില്‍ നിന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ നിന്നും തെള്ളിയ അസൂയയുടെ കുശുകുശുപ്പുകള്‍ എന്റെ ചെവിയില്‍ മുഴങ്ങാന്‍ തുടങ്ങി.
"രാമനുണ്ണി മാഷ് സ്വന്തം അനുഭവം വെച്ച് പറയൂ. രണ്ടും കല്‍പ്പിച്ച് ഇറങ്ങിപ്പുറപ്പെടാന്‍ ഇന്നത്തെ കേരളാവസ്ഥയില്‍ ഒരു എഴുത്തുകാരന് ഉറപ്പ് ലഭിക്കുമോ?"
സഹോദരതുല്യന്റെ ചാട്ടുളി നീണ്ടതും സ്വന്തം ആക്റ്റിവിസങ്ങളിലുണ്ടായ ചില ദുരാനുഭവങ്ങള്‍ എന്റെ മുന്നിലും തുറിച്ചുനോക്കി.

മാതൃഭാഷക്ക് വേണ്ടി നിരാഹാരം കിടന്നതിന്റെ പേരില്‍ പോലും രാമനുണ്ണി ഐക്യമലയാള പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത് സ്‌കോറടിച്ചു എന്ന ഒരു എഴുത്തുകാരന്റെ വിഷവമനം. മുപ്പതിലധികം വര്‍ഷമായി സൂക്ഷിക്കുന്ന മതമൈത്രീ നിലപാടിന്റെ ഭാഗമായി കേന്ദ്രസാഹിത്യ അക്കാദമി അവര്‍ഡ് തുക ജുനൈദിന്റെ ഉമ്മക്ക് സമര്‍പ്പിച്ചപ്പോള്‍ പോലും അയാള്‍ക്ക് പണം പോയാലും പ്രശസ്തി കിട്ടിയല്ലോ എന്ന ഒരു നിരൂപകന്റെ കുത്തുവാക്കുകള്‍. ബി. രാജീവനും സച്ചിദാനന്ദനും മറ്റും നയിക്കുന്ന സര്‍വ്വധര്‍മ്മ സമഭാവനയുടെ ആശയം ഉള്‍ക്കൊണ്ട് മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ കടലായി ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം ചെയ്തപ്പോള്‍ പോലും ആ ദൗത്യത്തെ പരിഹസിച്ച്, പാര പണിയാന്‍ പലരും നടത്തിയ ഗൂഢനീക്കങ്ങള്‍.

അതെ, ഭൂരിപക്ഷവര്‍ഗ്ഗീയതയെയും ന്യൂനപക്ഷ തീവ്രവാദത്തെയും പോലെ തന്നെ കേരളീയ സാംസ്‌ക്കാരിക ജീവിതത്തെ ജീര്‍ണ്ണിപ്പിക്കുന്നതാണ് എഴുത്തുകാര്‍ക്കിടയിലെ കാരിയറിസം. എന്നെക്കാള്‍ വളരെ ചെറുപ്പമാണെങ്കിലും അത് തിരിച്ചറിയാനുള്ള വിവേകം ഹരീഷിന് ഉണ്ടായതായിരിക്കാം.