മോഹന്‍ലാല്‍ : ആര്‍ക്കാണ് പിടിവാശി?

#

(26-07-18) : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥികള്‍ അവാര്‍ഡ് ജേതാക്കളായിരിക്കണമെന്നും വേറൊരു മുഖ്യാതിഥി ഉണ്ടാകരുതെന്നും ആവശ്യപ്പെടുന്ന നിവേദനം സാംസ്‌കാരിക, സിനിമ, മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ പേര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഓഗസ്റ്റ് 7 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിവേദനം. നിവേദനത്തിലെ വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായും നല്‍കിയിരുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും പ്രതികരിച്ചു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാലും പറഞ്ഞു. സംഗതികള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ സര്‍ക്കാര്‍ ക്ഷണിച്ചെന്നും ക്ഷണം അദ്ദേഹം സ്വീകരിച്ചെന്നുമുള്ള വാര്‍ത്തകളാണ് തൊട്ടുപിന്നാലെ വന്നത്. നൂറിലേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് നല്‍കിയ നിവേദനം പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ചുരുക്കം. ചലച്ചിത്ര അവാര്‍ഡ്ദാനചടങ്ങില്‍ മന്ത്രിമാരും അവാര്‍ഡ് ജേതാക്കളും അല്ലാതെ മുഖ്യാതിഥിയായി ഒരാൾ പങ്കെടുക്കുക എന്ന ആശയത്തെയാണ് എതിര്‍ത്തതെന്നും മോഹന്‍ലാലിനെ ക്ഷണിച്ചതിനെയല്ല എതിര്‍ത്തതെന്നും നിവേദനം നല്‍കുന്നതിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നുണ്ടെങ്കിലും താരസംഘടനയുടെ അദ്ധ്യക്ഷനായ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനോടാണ് എതിര്‍പ്പെന്ന് വ്യക്തമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോഹന്‍ലാലും അദ്ദേഹം അദ്ധ്യക്ഷനായ സംഘടനയും സ്വീകരിച്ച നിലപാടുകളാണ് എതിര്‍പ്പിന് കാരണം.

സാംസ്‌കാരിക, സിനിമാ മേഖലകളിലെ നൂറിലേറെപ്പേര്‍ ചേര്‍ന്ന് ഒരു നിവേദനം നല്‍കിയപ്പോള്‍ അതേക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതിരിക്കുകയും അവരുടെ ആവശ്യം തള്ളിക്കളയാനും ആ ആവശ്യത്തിന് ഒരു പരിഗണനയും നല്‍കില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അമിതവ്യഗ്രത കാണിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ പാലിക്കേണ്ട ഉന്നതമായ ജനാധിപത്യ മര്യാദയുടെ ലംഘനമാണിത്. മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നില്ലെന്ന് സാംസ്‌കാരികമന്ത്രിയും ചലച്ചിത്ര അക്കാഡമി ചെയര്‍മാനും പറഞ്ഞതും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതും സത്യമായിരുന്നെങ്കില്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നമാണ് സര്‍ക്കാര്‍ ആകെ കുഴച്ചുമറിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുകയും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന വര്‍ഗ്ഗീയശക്തികളെ തുറന്നെതിര്‍ക്കുകയും ചെയ്യുന്നവരാണ് നിവേദനത്തില്‍ ഒപ്പുവച്ചവരില്‍ ഭൂരിപക്ഷവും എന്ന വസ്തുതയും സര്‍ക്കാരിനും ചലച്ചിത്ര അക്കാഡമിക്കും വേണ്ടി തീരുമാനങ്ങള്‍ എടുത്തവര്‍ കാണേണ്ടതായിരുന്നു.

മോഹന്‍ലാല്‍ അദ്ധ്യക്ഷനായ സംഘടനയും മോഹന്‍ലാല്‍ ഉള്‍പ്പെടെ ആ സംഘടനയെ നയിക്കുന്നവരും ഒരു ഭാഗത്തും അവര്‍ പിന്തുടരുന്ന സ്ത്രീ വിരുദ്ധതയെ എതിര്‍ക്കുന്നവര്‍ മറുഭാഗത്തുമായി നടക്കുന്ന സംവാദങ്ങള്‍ ഇന്നത്തെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക അന്തരീക്ഷത്തില്‍ അവഗണിക്കാന്‍ കഴിയുന്നവയല്ല. ഈ പ്രശ്‌നത്തില്‍ മോഹന്‍ലാലിനോടൊപ്പമാണ് തങ്ങള്‍ എന്ന സന്ദേശമാണ്, ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുക വഴി സര്‍ക്കാരും ചലച്ചിത്ര അക്കാഡമിയും നല്‍കുന്നത്.  അമ്മയുടെ അദ്ധ്യക്ഷനായ മോഹന്‍ലാലിനെ ഉന്നം വയ്ക്കുകയും മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെയല്ല, മുഖ്യാതിഥി എന്ന ആശയത്തെയാണ് എതിര്‍ക്കുന്നതെന്ന് പറയുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ വാദം ശരിയായും ശക്തിയായും ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടു. മോഹന്‍ലാല്‍ അദ്ധ്യക്ഷനായ സംഘടനയുടെ നിലപാടിനെക്കുറിച്ചും മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെക്കുറിച്ചുമുള്ള ഒരു തുറന്ന സംവാദത്തിനുള്ള സാധ്യതയാണ് ആവര്‍ നഷ്ടപ്പെടുത്തിയത്. അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യാതിഥി വേണമോ വോണ്ടയോ എന്നത് കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാന വിഷയമല്ല. അതേസമയം, സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ ഒരു സംഘടനയുടെ അദ്ധ്യക്ഷനെ മുഖ്യാതിഥിയാക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. കക്ഷത്തിലുള്ളത് നഷ്ടപ്പെടുത്താതെ ഉത്തരത്തിലുള്ളത് എടുക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും മനസ്സിലാക്കണം.

മോഹന്‍ലാലിനെ അവാര്‍ഡ്ദാന ചടങ്ങില്‍ മുഖ്യാതിഥിയാക്കിയേ മതിയാകൂ എന്ന വാശി ആര്‍ക്കാണ്? അങ്ങനെ ഒരു വാശികൊണ്ട് മോഹന്‍ലാലിന് എന്തെങ്കിലും നേടാനുണ്ടെന്ന് തോന്നുന്നില്ല. സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാഡമിക്കും പ്രത്യേക നേട്ടമൊന്നുമില്ല. സര്‍ക്കാരിന്റെ സിനിമാ കാര്യങ്ങളുടെ നടത്തുപടിക്കാര്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില ഉത്തരം താങ്ങികളായ പല്ലികളാണ് സര്‍ക്കാരിനെയും സാംസ്‌കാരിക വകുപ്പിനെയും കുഴിയില്‍ ചാടിക്കുന്നത്. ഇടതു ബുദ്ധിജീവിപ്പട്ടത്തിനു വേണ്ടിയുള്ള പിടിവലിയുടെ ഭാഗമായാണ് അവരിതിനെ കാണുന്നത്. റോഡരികില്‍ കിട്ടുന്ന പോപ് ഫിലോസഫി പുസ്തകങ്ങള്‍ വായിച്ച് വങ്കത്തരങ്ങള്‍ എഴുന്നള്ളിച്ച് ഇടതു ബുദ്ധിജീവി വേഷം കെട്ടി നടക്കുന്ന ഇവര്‍ക്ക് സര്‍ക്കാരിന്റെ സാംസ്‌കാരിക നയം തീരുമാനിക്കാന്‍ വേറെ "ഇടതു ബുദ്ധിജീവികള്‍" വരരുതെന്ന് നിര്‍ബ്ബന്ധമുണ്ട്.

ജീവിതത്തിലിതുവരെ കൊള്ളാവുന്ന ഒരു സിനിമ പോലും എടുത്തിട്ടില്ലെങ്കിലും സിനിമാക്കാരായി വേഷം കെട്ടുകയും സംഘടനകളുടെ തലപ്പത്തു കയറി മാടമ്പി കളിക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്ന ഉപജാപകവീരന്മാരെ പടിക്കു പുറത്തു നിറുത്തിയാല്‍ ഇടതുമുന്നണിക്കും സാംസ്‌കാരിക വകുപ്പിനും നന്ന്. കാർട്ടനു പുറകിലിരുന്നു കളിക്കാനും കളിക്കുന്നത് തങ്ങളാണെന്ന് വരുത്താനും ശ്രമിക്കുന്ന ഇക്കൂട്ടർക്ക് നഷ്ടപ്പെടാനൊന്നുമില്ല. മതേതരത്വത്തിലും ജനാധിപത്യത്തിലും സ്ത്രീപുരുഷ സമത്വത്തിലും വിശ്വസിക്കുന്നവർക്ക് ആശയപ്രകാശന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന ഈ കാലത്ത് സംസ്കാരവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിനും അങ്ങേയറ്റത്തെ പ്രാധാന്യമുണ്ട്. അലവലാതികൾക്ക് "പ്രമാണി" കളിക്കാനുള്ളവയല്ല സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാഡമിപോലെയുള്ള സ്ഥാപനങ്ങളും എന്ന് ബന്ധപെട്ടവരെല്ലാം ഓർക്കണം.