കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് പെയിന്റിംഗിലൂടെ സ്മരണാഞ്ജലി

#

തിരുവനന്തപുരം (30.07.2018) : കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതക്ക് സ്മരണാജ്ഞലികളുമായി   പെയിന്റിംഗ് പ്രദർശനം. കേരളത്തിലെത്തി കോവളം കടപ്പുറത്ത് ദാരുണാന്ത്യം സംഭവിച്ച വിദേശ വനിതക്ക് കേരളത്തിലുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ചിത്രകാരി അനിതാ മോഹൻ വരച്ച പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്.

സ്ത്രീകൾ ഇന്ത്യയിൽ സുരക്ഷിതരാണോ? എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ ഒരു വിദേശവനിത കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ വിഹ്വലതകൾ പങ്ക് വയ്ക്കാനാണ് അനിതയുടെ ശ്രമം.   ഓഗസ്റ്റ് 1, 2 തീയതികളിൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനം ഓഗസ്റ്റ് ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി, കാട്ടൂർ നാരായണപിള്ള തുടങ്ങിയവർ പങ്കെടുക്കും.

സൂര്യ ഫെസ്റ്റിവെൽ, ലളിതകലാ അക്കാദമി ഫെസ്റ്റിവെൽ, ബാഗ്ലൂർ മലയാളി അസോസിയേഷൻ തുടങ്ങി നിരവധി  മേളകളിൽ  പ്രദർശനം നടത്തിയിട്ടുള്ള ചിത്രകാരിയാണ് അനിത. മ്യൂസിയം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പെയിന്റിംഗ് പ്രദർശനം.