വിവാഹേതരബന്ധം കുറ്റകരമാക്കുന്നതിനെതിരേ സുപ്രീംകോടതി

#

ന്യൂഡല്‍ഹി (02-08-18) : വിവാഹത്തിലെ പങ്കാളിയല്ലാത്തയാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ ശിക്ഷാര്‍ഹമാക്കുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള തുല്യവകാശങ്ങളുടെ ലംഘനമാകുമെന്ന് സുപ്രീംകോടതി. വിവാഹബന്ധത്തിലെ വിശ്വാസ്യത ഒരു പ്രശ്‌നം തന്നെയാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ച് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഒരു സ്ത്രീ, ഭര്‍ത്താവിന്റെ അനുമതിയോടെ, വിവാഹിതനായ ഒരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്ന് അഞ്ചംഗ ബഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

ഭര്‍ത്താവിന്റെ അനുമതിയോടെ ഒരു സ്ത്രീയുമായി മറ്റൊരു പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമല്ല, വ്യഭിചാരമാണെന്ന് നിര്‍വ്വചിക്കുന്ന ഐ.പി.സി 497-ാം വകുപ്പ് പ്രകടമായും ഏകപക്ഷീയമാണെന്ന് കോടതി വിലയിരുത്തി. 497-ാം വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ നിഷേധമാണോ എന്ന് വ്യക്തമായി പരിശോധിക്കുമെന്ന് ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.