നാടക് നാടാകെ വ്യാപിക്കുന്നു ; ഇന്ന് കുണ്ടറയിലും നാളെ കുന്നത്തൂര്‍ മേഖലയിലും ഉദ്ഘാടനം

#

കൊല്ലം (03-08-18) : സംസ്ഥാനത്തെ നാടകപ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഘടനയായ നാടക് സംസ്ഥാനത്തൊട്ടാകെ മേഖലാതല പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ഇന്ന് കുണ്ടറ മുക്കടയില്‍ കുണ്ടറ മേഖലാ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ശൈലജ നിര്‍വ്വഹിക്കും.

മേഖലാ പ്രസിഡന്റ് ശിവപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഗായകന്‍ സുനില്‍ മത്തായി, പി.ജെ.ഉണ്ണിക്കൃഷ്ണന്‍, ഹരിഹരനുണ്ണി, വാട്സൺ വില്യം എന്നിവര്‍ സംസാരിക്കും. ഫെബി സ്റ്റാലിന്‍ സ്വാഗതവും കിഷോര്‍ നന്ദിയും പറയും.

നാളെ (ആഗസ്റ്റ് 4) നടക്കുന്ന നാടക് കുന്നത്തൂര്‍ മേഖലാ മെമ്പര്‍ഷിപ്പ് ഉദ്ഘാടന സമ്മേളനം ലൈബ്രറി കൗണ്‍സില്‍ ജില്ലാപ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ നിര്‍വ്വഹിക്കും. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പി.കെ.രവിക്ക് കുന്നത്തൂര്‍ മേഖലയിലെ ആദ്യ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് നാടക് ജില്ലാപ്രസിഡന്റ് പി.ജെ.ഉണ്ണിക്കൃഷ്ണന്‍ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യും. ജി.ശങ്കരപിള്ള നഗറില്‍ (ശാസ്താംകോട്ട വ്യാപാര ഭവന്‍) വൈകിട്ട് 4 മണിക്കാണ് പരിപാടി.