കന്യാകുമാരി : വയലിനിലിലെ പെൺപെരുമ

#

(04.08.2018) :കർണ്ണാടക സംഗീതലോകത്തെ താരപ്രതിഭയാണ് സുപ്രസിദ്ധ വയലിൻവാദകയായ എ.കന്യാകുമാരി (അവസരാള കന്യാകുമാരി). പുരുഷകലാകാരന്മാർ അടക്കിവാണിരുന്ന വയലിൻ വാദനകലയിൽ  വിജയശ്രീലാളിതയായ അവരെ 2015 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുള്ള കന്യാകുമാരി അനവധി പുരസ്കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്. സംഗീതകലാകാരന്മാരുടെ സ്വപ്നപദവിയായ മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീതകലാനിധിപട്ടം കിട്ടിയ ആദ്യസ്ത്രീ വയലിനിസ്റ്റ് എന്ന ചരിത്രപദവിയും കന്യാകുമാരിക്ക്‌ സ്വന്തമാണ്.

സുബ്ബുഡു എന്നറിയപ്പെടുന്ന വിഖ്യാത സംഗീത-നൃത്തകലാ നിരൂപകൻ പി.വി.സുബ്രമണ്യൻ, കന്യാകുമാരിയുടെ വയലിൻ വാദനത്തെ ദേവി കന്യാകുമാരിയുടെ തിളക്കമാർന്ന മൂക്കുത്തിയോടാണ് ഉപമിച്ചത്. അദ്ദേഹത്തെപ്പോലെ ഒരാളിൽനിന്നും അങ്ങനെ ഒരു പ്രകീർത്തനമുണ്ടായത് കന്യാകുമാരിയിലെ കലാകാരിക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയാകട്ടെ "ധനുർവീണപ്രവീണ"എന്നൊരു പദവിയും കന്യാകുമാരിക്ക്‌ സമ്മാനിച്ചു. ഇതിലെല്ലാമുപരി കന്യാകുമാരിയുടെ സംഗീതജീവിതത്തിന്റെ മഹത്തായ നേട്ടം സാക്ഷാൽ എം.എൽ.വസന്തകുമാരി തന്റെ പക്കമേളസംഘത്തിലേക്ക് അവരെ തിരഞ്ഞെടുത്തതായിരുന്നു.അവരുടെ ജീവിതത്തെ മാറ്റിമറിച്ചതും പ്രശസ്തിയുടെ കൊടുമുടികളിൽകൊണ്ടെത്തിച്ചതും മഹാസംഗീതജ്ഞയായ എം.എൽ.വിയുടെ അവാച്യമായ സംഗീതസാന്നിധ്യമായിരുന്നു.

ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ 1952 ഡിസംബർ 31ൽ ഒരു സംഗീതകുടുംബത്തിലാണ് കന്യാകുമാരിയുടെ ജനനം. അച്ഛൻ അവസരാള രാമരത്നവും വീണാവാദകകൂടിയായ  അമ്മ ജയലക്ഷ്മിയും കന്യാകുമാരിക്ക് ബാല്യത്തിലേ സംഗീതശിക്ഷണം നൽകി. പ്രസിദ്ധ വയലിനിസ്റ്റ് ഐവാതിരി വിജയേശ്വരറാവുവിൽനിന്നും വയലിൻപഠനം ആരംഭിച്ച കന്യാകുമാരി പിന്നീട് കുടുംബത്തോടൊപ്പം അന്നത്തെ മദ്രാസിലേക്ക് താമസംമാറ്റിയത് അവരിലെ സംഗീതജ്ഞയ്ക്ക് കൂടുതൽ മിഴിവേകി. സംഗീതകലാനിധി ചന്ദ്രശേഖരൻറെ ശിക്ഷണത്തിൽ പഠനംതുടർന്ന അവർ മദ്രാസിലെ ക്വീൻ മേരി മ്യൂസിക് കോളേജി’ൽനിന്നും സംഗീതത്തിൽ ബിരുദംനേടി .1971ൽ  സംഗീതകലാനിധി എം.എൽ.വസന്തകുമാരിയുടെ ഗാനസംഘത്തിൽ ചേരാൻകഴിഞ്ഞത് കന്യാകുമാരിയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.

ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾ എം.എൽ.വസന്തകുമാരിയ്ക്കുവേണ്ടി വയലിൻവായിച്ചത് കന്യാകുമാരി ആയിരുന്നു. എം.എൽ.വിയുടെ പക്കമേളത്തിലെ ഒരംഗം മാത്രമായിരുന്നില്ല എം.എൽ.വിയുടെ ശിഷ്യകൂടിയായിരുന്നു അവർ. ശിഷ്യർക്കിടയിലെ ഒരേയൊരു വയലിനിസ്റ്റും കന്യാകുമാരി ആയിരുന്നു. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ എം.എൽ.വിയോടൊപ്പം വേദികളിൽ വയലിൻ അകമ്പടിതുടങ്ങിയ കന്യാകുമാരി എം.എൽ.വിയുടെ അവസാന നിമിഷംവരെ കച്ചേരികളിൽ അവരെ പിന്തുടർന്നു. എം.എൽ.വിയെപ്പോലെ കൃതഹസ്തയും ശ്രദ്ധേയയുമായ ഒരുമുൻനിര സംഗീതജ്ഞയ്ക്കൊപ്പം ചെറിയപ്രായത്തിൽതന്നെ വേദികൾ പങ്കിടാൻ ലഭിച്ച അപൂർവ്വ അവസരം കന്യാകുമാരിയുടെ സംഗീതജീവിതത്തിലെ ശ്രുതിമധുരമായ ഒരദ്ധ്യായം തന്നെയായിരുന്നു. സൂക്ഷ്മമായ മനോധർമ്മംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എൽ.വിയുടെ ശബ്ദത്തിന് അനുപദമായി വയലിൻവായിക്കാനുള്ള കന്യാകുമാരിയുടെ പാടവം അവരുടെ അസാമാന്യപ്രതിഭയുടെകൂടി തെളിവായിരുന്നു. എം.എൽ.വി  തന്റെ ഗുരുവും അമ്മയും മാതൃകയുമായിരുന്നെന്നും കർണ്ണാട്ടിക്ക് രാഗങ്ങളെ കൂടുതൽ ആഴത്തിൽപഠിക്കാൻ കഴിഞ്ഞത്  എം.എൽ.വിയുമൊത്തുള്ള സംഗീതയാത്രകളിലൂടെയും അനുഭവങ്ങളിലൂടെയുമായിരുന്നു എന്നും കന്യാകുമാരി എക്കാലവും അനുസ്മരിച്ചിട്ടുണ്ട്.

സംഗീതപ്രതിഭകളെ സംബന്ധിച്ച് മദ്രാസ് അക്കാഡമിയുടെ സംഗീതകലാനിധി പട്ടം വിലമതിക്കാനാവാത്ത ഒരു പുരസ്കാരമാണല്ലോ. അതവർക്ക് നൽകുന്ന അഭിമാനവും സ്ഥാനവും ചെറുതല്ല. ഒരുപക്ഷേ, മ്യൂസിക്ക് അക്കാഡമിക്ക് കർണ്ണാട്ടിക്ക് സംഗീതലോകത്തുള്ള ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാമിത്. അതുകൊണ്ടുതന്നെ മ്യൂസിക്ക് അക്കാഡമിയുടെ അംഗീകാരം കിട്ടിയാൽ മറ്റൊരു പുരസ്കാരവും ലഭിച്ചില്ലെങ്കിലും അതൊരു ബഹുമതിയാണ്. അതുപോലെ ഏതു പുരസ്‌കാരം ലഭിച്ചാലും സംഗീതകലാനിധിപ്പട്ടം ഇല്ലെങ്കിൽ അതൊരു കുറവുതന്നെയാണ് എന്നാണ് സംഗീതലോകത്തെ പരസ്യമായ രഹസ്യം. സംഗീതകലാനിധിയായിരുന്ന എം.എൽ.വിയുടെ മൂന്നു പ്രമുഖ ശിഷ്യർക്കും സംഗീതലാനിധിപട്ടം നേടാൻകഴിഞ്ഞത് എടുത്തുപറയേണ്ട കാര്യമാണ്. കന്യാകുമാരിക്ക്‌ മുൻപേ എം.എൽ.വിയുടെ സംഗീതശിക്ഷണത്തിൽ വളർന്ന അവരുടെ മറ്റു രണ്ടു പ്രധാനശിഷ്യർ സുപ്രസിദ്ധ സംഗീതജ്ഞ സുധാരഘുനാഥും മൃദംഗവിദ്വാൻ തിരുവരൂർ ഭക്തവത്സലവും മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ പരമോന്നതബഹുമതിയായ സംഗീതകലാനിധിപ്പട്ടം കരസ്ഥമാക്കി. എം.എൽ.വി എന്ന സംഗീതജ്ഞയുടെ ശിക്ഷണപാടവത്തിന്റെകൂടി  തെളിവായി അതിനെ വിലയിരുത്തേണ്ടതുണ്ട്.

വോക്കൽകച്ചേരികളുടെ പക്കമേളങ്ങൾക്ക് പുറമേ  ഇതര ഉപകരണസംഗീതജ്ഞരുമായി അനവധി വേദികളിൽ  "വാദ്യലഹരി"  പരിപാടികളും ജുഗൽബന്ദികളും കന്യാകുമാരി നടത്തിവരുന്നു. സുപ്രസിദ്ധ ഉപകരണസംഗീതജ്ഞരായ കാദ്രി ഗോപിനാഥ്‌ (സാക്സോഫോൺ), എ.കെ.പളനിവേൽ (തവിൽ), സക്കീർ ഹുസൈൻ (തബല) തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർക്കൊപ്പം അവർ നടത്തിയ വയലിൻ കച്ചേരികൾ ആസ്വാദകരുടെ മനംകവർന്നവയാണ്. എണ്ണമറ്റ ഉപകരണകലാകാരന്മാരെ അണിനിരത്തി ഫ്യൂഷൻ സംഗീതത്തിന്റെ പുതിയ പരീക്ഷണങ്ങളും അവർ വിജയകരമായി ചെയ്തിട്ടുണ്ട്. രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്ത അത്തരം പരിപാടികളിലൂടെ അനേകം വിദേശരാജ്യങ്ങളിൽ കർണ്ണാടക സംഗീതത്തിന്റെ ആരാധകരെ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ "സപ്താദ്രി" എന്ന പേരിൽ എഴുപുതിയ രാഗങ്ങൾ കന്യാകുമാരിയുടേതായുണ്ട്.