ഇടുക്കിയിൽ ട്രയൽറൺ ഇന്ന് ; മുന്നൊരുക്കങ്ങൾ പൂർത്തിയായി

#

ദേവികുളം (09-08-18) : ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരുന്നതോടെ ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ. ഇതിനുള്ള മുന്നോടിയായായി ട്രയൽ റൺ നടത്തും. ഇന്ന് രാവിലെ 12 മണിക്ക് അണക്കെട്ടിന്റെ ഒരു ഷട്ടർ തുറക്കുന്നതിനാണ് തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയായതോടെയാണ് ട്രയൽ റണ്ണിന് തീരുമാനമായത്. ഇതിന്റെ ഭാഗമായ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയാതായി മന്ത്രി എം.എം.മണി പറഞ്ഞു.

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് ട്രയൽ റണ്ണിനായി തുറക്കുക. സെക്കൻഡിൽ 50 ഘനമീറ്റർ ജലം പുറത്തേക്കൊഴുക്കും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു പെയ്യുന്ന കനത്ത മഴയാണ് ട്രയൽ റണ്ണിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മൂലമറ്റത്തുനിന്നുള്ള വൈദ്യുത ഉൽപ്പാദനം പരാമവധിയാക്കി അണക്കെട്ടു തുറക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി ശ്രമം നടത്തിയിരുന്നു. എന്നാൽ ക്രമാതീതമായ തോതിൽ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയത് കാര്യങ്ങൾ ട്രയൽ റണ്ണിൽ കൊണ്ടെത്തിക്കുകയായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകും. സംഭരണശേഷി പരമാവധി എഎത്തുന്നതോടെ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടതായി വരും. ഇത്തരം ഒരു സാഹചര്യം വലിയ നാശനഷ്ടമാകും വരുത്തിവക്കുക എന്ന വിലയിരുത്തലാണ് ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തിര മന്ത്രിസഭാ യോഗത്തിൽ ഇനി കാത്തിരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു.

സംഭരണശേഷി പരാമവധിയിൽ എത്തിയതോടെ ഇടമലയാർ അണക്കെട്ട് കഴിഞ്ഞ ദിവസം തുറന്നു വിട്ടിരുന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്ന് ജലനിരപ്പ് നിയന്ത്രിക്കുകയാണ്.