ദുരിതപ്പെയ്ത്ത് : മഴക്കെടുതികളിൽ 17 മരണം

#

തിരുവനന്തപുരം  (09-08-18) :സംസ്ഥാനത്തെയാകെ ദുരന്തഭൂമിയാക്കി തോരാമഴ. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി 17 പേർ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടലും പാലക്കാട് ജില്ലയുടെ പലഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കവും ദുരിതം വിതച്ചു. നിരവധി വീടുകൾ തകരുകയും ചെയ്തു.

കനത്ത മഴയിൽ വയനാട് ജില്ല ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്‍റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. താമരശ്ശേരി ചുരത്തില്‍ അഞ്ചിടത്ത് മണ്ണിടിഞ്ഞു. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങിയ അവസ്ഥയാണ്.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ മലപ്പുറം ജില്ലയിൽ  5 പേരാണ് മരിച്ചത്  മരിച്ചു.നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുൾപൊട്ടിയത്. ജില്ലയിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂർക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി.

മഴക്കെടുതിയിൽ ഇടുക്കിയില്‍ മാത്രം10 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഹസ്സന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപെട്ടു. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.