എൻ.ഡി.എ യുടെ ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷൻ

#

ന്യൂഡൽഹി (09-08-18) : രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി യായി മത്സരിച്ച ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങിന് വിജയം . കോൺഗ്രസ്സ് സ്ഥാനാർഥി ബി.കെ.ഹരിപ്രസാദിനെ 105 നെതിരെ 125 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാധ്യക്ഷനായത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു. ബിജു ജനതാദളിനെ ഒപ്പം നിർത്താനുള്ള ശ്രമം കോൺഗ്രസ്സ് നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഹരിവംശിൻറെയും ബി.കെ. ഹരിപ്രസാദിൻറെയും പേരുകൾ മുന്നോട്ടു വച്ചു പ്രമേയം അവതരിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഹരിവംശിന് അനുകൂലമായി 4 പ്രമേയവും ഹരിപ്രസാദിന് അനുകൂലമായി 5 പ്രമേയവുമാണ് വന്നത്. ഇതില്‍ഹരിവംശിനെ നിർദ്ദേശിക്കുന്ന പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്.