വേണം സ്വതന്ത്രമായ വനിതാവകുപ്പ്

#

(09-08-18) : എല്‍.ഡി.എഫ് മന്ത്രിസഭയുടെ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ച നടക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്. കുറ്റവിമുക്തരാകുന്നവരെ തിരികെ മന്ത്രിസഭയിലേക്ക് പ്രവേശിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എക്കാലത്തെയും മന്ത്രിസഭകളില്‍ ഇത് സംഭവിച്ചിട്ടുണ്ട്.

എന്നാല്‍ പുനഃസംഘടനാ വേളയിലെങ്കിലും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഗൗരവമേറിയ മറ്റൊരു വിഷയമുണ്ട്. അത് വനിതാവകുപ്പിനെ സംബന്ധിച്ചുള്ളതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുന്നോട്ടുവെച്ച ഏറ്റവും ശ്രദ്ധേയമായ ഒരു നിര്‍ദ്ദേശമായിരുന്നു വനിതാവകുപ്പ് എന്നത്. കേരളത്തിലെ സ്ത്രീസമൂഹവും പൊതുസമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ വാഗ്ദാനത്തെ കണ്ടത്. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ബജറ്റില്‍ വകുപ്പിന് ആവശ്യമായ പ്രൊവിഷന്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനവും വന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു സ്ത്രീപക്ഷ പ്രഖ്യാപനമായിരുന്നു അത്. അതുകൊണ്ട് തന്നെ ഒരു മാതൃക നമുക്ക് മുന്‍പിലില്ലായിരുന്നു. വകുപ്പിന്റെ ഘടന, അധികാരം, പ്രവര്‍ത്തനരീതി എന്നിവ സംബന്ധിച്ച് ഗൗരവമായ ഒരു ചര്‍ച്ച നടത്താന്‍ ഇതുവരെ കഴിഞ്ഞതുമില്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ അവസരത്തില്‍ എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമടങ്ങിയ സ്ത്രീ കൂട്ടായ്മ ഇതുസംബന്ധിച്ച് ഒരു നയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. അതിലെ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങള്‍ വനിതാശാക്തീകരണ ബാലവികസന വകുപ്പ് രൂപീകരിക്കുക, വനിതാ കമ്മീഷന്‍, വനിതാവികസന കോര്‍പ്പറേഷന്‍, ജൻഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതികള്‍, കുടുംബശ്രീ, ബാലവകാശകമ്മീഷന്‍ തുടങ്ങി സ്ത്രീ ശിശുവികസന പദ്ധതികള്‍ ഈ വകുപ്പിന് കീഴിലാക്കുക എന്നിവയായിരുന്നു. ഇന്ന് ചിതറക്കിടക്കുന്ന സ്ത്രീ സുരക്ഷാ ശിശുക്ഷേമ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുമ്പോള്‍ അതിന്  അനുബന്ധമായ ഘടനകള്‍ നീതിന്യായ ക്രമസമാധാന വകുപ്പുകളില്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇവയൊക്കെ ആവശ്യമായ ജൻഡര്‍ ബജറ്റിംഗ് ആസൂത്രണം ചെയ്യുകയും വേണം. ഇതിനായി ധനകാര്യം, ആസൂത്രണം, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരേയും രണ്ട് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ഒരു സീനിയര്‍ വനിതാ ഉദ്യോഗസ്ഥയുടെ കീഴില്‍ വനിതാ ജൻഡര്‍ അഡ്വൈ സറി ബോഡ് രൂപീകരിച്ച് മേല്‍നോട്ടം ഏകോപനം ഓഡിറ്റിംഗ്, നയരൂപീകരണം, ജൻഡര്‍ ഓഡിറ്റിംഗ് എന്നിവയുടെ ചുമതല നല്‍കുകയും വേണം.

ഇത്തരത്തില്‍ ആഴത്തിലുള്ള വിപുലമായ ഒരു നയസമീപനം സ്വീകരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രത്യേക മന്ത്രി എന്ന കണ്‍സപ്ട്  ഇല്ലാതെ പോയത്. ഇന്ന് നിലവില്‍ ആരോഗ്യമന്ത്രി തന്നെയാണ് സ്ത്രീ ശിശുക്ഷേമ കാര്യങ്ങളും സാമൂഹ്യനീതി വകുപ്പും കൈകാര്യം ചെയ്യുന്നത്.

രാജ്യത്ത് സ്ത്രീകൾക്കെതിരായി വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും അതീവഗൗരവമായ സൗമൂഹ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജനസംഖ്യയില്‍  പകുതിവരുന്ന സത്രീ സമൂഹത്തിന് ആശ്വാസമാകാനുള്ള ഭരണഘടനാപരവും ഭരണപരവുമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കപ്പെടണമെങ്കില്‍ വനിതാവകുപ്പിന് അതിന്റേതായ പ്രാധാന്യവും കരുത്തും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകേണ്ടതുണ്ട്. ആ ദിശയിലേക്കുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ആവശ്യപ്പെടുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയുള്ള സാമൂഹ്യനീതി പ്രവര്‍ത്തനങ്ങള്‍ ഫലവത്താകാന്‍ വനിതാവകുപ്പിന്റെ ശാക്തീകരണം എത്രയും വേഗം ഉണ്ടാകണം. എല്‍.ഡി.എഫും മന്ത്രിസഭയും മുഖ്യമന്ത്രിയും ഇക്കാര്യം ഉത്തരവാദിത്വത്തോടെ  ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് പുനഃസംഘടനാ വേളയില്‍ തന്നെ പ്രത്യാശിക്കുന്നു.