കാലവർഷക്കെടുതി ; മരണം 18 ആയി

#

(09-08-18) : വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് വന്‍നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര്‍ മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ടു. സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി നില്‍ക്കുകയോ കവിയുകയോ ചെയ്ത സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ്.

കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യൂ ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും പക്ഷേ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും സേനകളുടെയും ഏകോപനം റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂണിറ്റുകള്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിലവില്‍ വിന്യസിച്ചിട്ടുണ്ട്. നാല് സംഘങ്ങള്‍ കൂടി കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലേക്ക് ഉടന്‍ പുറപ്പെടും. ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും വ്യോമമാര്‍ഗം ഇടുക്കിയിലും കോഴിക്കോടും എത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സ്‌പെഷ്യല്‍ സെല്‍ ആരംഭിച്ചു. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഹെലികോപ്ടര്‍ മാര്‍ഗം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇടമലയാര്‍ ഡാമിലെ തുറന്നുവിടുന്ന ജലം ഡിസ്ചാര്‍ജ് ചെയ്യുന്ന ആലുവ മേലയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഈ പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

വ്യോമസേന,നാവികസന, കരസേന എന്നിവരുടെ സേവനം ലഭ്യമാക്കും. ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളില്‍ ആവശ്യമായ പോലീസ് സേനയുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുളള ജനപ്രതിനിധികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത സാധ്യതയുളള മേഖലകളിലും ജലസംഭരണികളിലെ ജലം ഒഴുക്കി വിടുന്ന ഇടങ്ങളിലും ജനം കൂട്ടമായി നില്‍ക്കുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.