പ്രളയക്കെടുതി : വിനോദസഞ്ചാരമേഖല ഭീഷണിയിൽ

#

തിരുവനന്തപുരം (10-08-18) : സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ കേരളത്തിൽ പെയ്യുന്ന കനത്ത മഴ ജനജീവിതത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ റോഡ് ഗതാഗതം താറുമാറായി. ഓണവും ബക്രീദും അടുത്തതോടെ സജീവമാകേണ്ട വിപണി ഉണരാൻ തുടങ്ങുമ്പോഴാണ് മഴ സകല കണക്കുകൂട്ടലുകളും തെറ്റിച്ചത്. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ മഴ സാരമായി ബാധിച്ചേക്കും എന്ന ആശങ്കയുണ്ട്. ഓണക്കാലത്തേക്ക് ഹോട്ടലുകളിലും മറ്റും ബുക്കിംഗുകൾ സജീവമാകേണ്ട സമയമാണിത്. ബുക്ക് ചെയ്തവർതന്നെ പ്രളയക്കെടുതിയുടെ വാർത്തകകൾ വന്നതോടെ ബുക്കിംഗ് റദ്ദാക്കുന്നുണ്ട്.

ഇടുക്കി പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടില്‍ മുപ്പതോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്ത ടൂറിസം മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ വിനോദ സഞ്ചാരികള്‍ക്ക് പുറത്തുകടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിദേശികള്‍ ഉള്‍പ്പടെ 30 ഓളം വിനോദ സഞ്ചാരികൾ രണ്ട് ദിവസമായി റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുകയാണ്. സഹായമഭ്യര്‍ത്ഥിച്ച് സഞ്ചാരികളില്‍ ഒരാള്‍ പുറത്തുവിട്ട വീഡിയോ സന്ദേശം മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങള്‍ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടേയും, ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം ലംഘിച്ചാണ് പ്ലംജൂഡി റിസോര്‍ട്ടിന്റെ കെട്ടിടം നിലനിൽക്കുന്നത്. റിസോര്‍ട്ട് സുരക്ഷിതമല്ലെന്ന അധികൃതരുടെ മുന്നറിയിപ്പ് റിസോർട്ട് ഉടമകൾ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെ പാറയിടിയുകയും തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടാവുകയുമായിരുന്നു. പള്ളിവാസലില്‍ നിന്നും നാല് കിലോമീറ്ററോളം മുകളിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പോലീസിനു പോലും അവിടേയ്ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പല വിദേശരാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ കാലവർഷം നാശം വിതച്ച കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് വിദേശശകാര്യ വകുപ്പ് അധികൃതർ യു.എസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ കേരളത്തിലുള്ളവർ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്ള പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഓണക്കാലത്ത് കൂടുതലായും രാജ്യത്തിനകത്തുള്ള ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് വരുന്നത്. ഓണക്കാലടൂറിസത്തിന്റെ തുടക്കമായി കരുതാന്‍ കഴിയുന്ന നെഹ്‌റുട്രോഫി വള്ളംകളി അനിശ്ചിതമായി മാറ്റി വച്ചിരിക്കുകയാണ്. നെഹ്‌റുട്രോഫി വള്ളംകളി മുതല്‍ ആറന്മുള ഉതൃട്ടാതി വള്ളംകളി വരെയുള്ള കാലയളവാണ് പൊതുവില്‍ ഓണക്കാല ടൂറിസം സീസണായി അനൗപചാരികമായി കരുതപ്പെടുന്നത്. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷവും ഉതൃട്ടാതി വള്ളംകളിയും ഇത്തവണ ഉണ്ടാകുമോ എന്ന കാര്യത്തിലുറപ്പില്ല. കാലവര്‍ഷക്കെടുതി കേരളത്തിലെ ടൂറിസമേഖലയുടെ താളം തെറ്റിച്ചിരിക്കുകയാണ്.