നീരൊഴുക്ക് അതി ശക്തം: ഇടുക്കി അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കും

#

ഇടുക്കി (10-08-18) : ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അതി ശക്തമായി തുടരുന്നതിനാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരു സെക്കൻഡിൽ 1.25 ലക്ഷം ലിറ്ററിൽ നിന്ന് 3 ലക്ഷം ലിറ്ററായാണ് ഉയർത്തിയത്.  ഇന്നലെ ട്രയൽ റൺ ആരംഭിച്ചെങ്കിലും ജലനിരപ്പ് കുറയാത്തതിനെത്തുടർന്ന് അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും ഇന്ന് രാവിലെ ഏഴിന് തുറന്നിരുന്നു. എന്നാൽ ജലനിരപ്പ് കുറയുന്നതിന് പകരം പരമാവധി സംഭരണശേഷിയോട് അടുക്കുകയാണ് ചെയ്യുന്നത് .ഇതേതുടർന്നാണ് കൂടുതൽ ജലം ഒഴുക്കിക്കളയുന്നതെന്ന് മന്ത്രി എം.എം.മണിയും ജില്ലാ കളക്ടർ ജീവൻ ബാബുവും അറിയിച്ചു.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഒരു സെക്കൻഡിൽ 3 ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കി കളയുന്നത്. എന്നാൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 5 ലക്ഷം ലിറ്റർ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇതോടെ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലേക്ക് ഉയരുകയാണ്. ഇപ്പോൾ 50 സെന്റീമീറ്റർ ഉയർത്തിയിരിക്കുന്നു ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തിയാണ്  കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിന് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. എന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലയെങ്കിൽ 5 ഷട്ടറുകളും ഉയർത്തേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറും. മുഴുവൻ ഷട്ടറുകളും ഉയർത്തുന്നതോടെ സെക്കൻഡിൽ 6 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും. ഉച്ചക്കുശേഷം കൂടുതൽ ജലം ഒഴുക്കാനാണ് തീരുമാനം.  എന്നാൽ ഇത്രയും വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകുന്നുണ്ട്. പെരിയാറിന്റെ ഇരു തീരങ്ങളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും ദുരന്തനിവാരണ വിഭാഗം നൽകിയിട്ടുണ്ട്.