വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പത്രാധിപർ അറസ്റ്റിൽ

#

കൊച്ചി (10-08-18) : തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന റൊമാന എന്ന കമ്പനിയുടെ ഉടമയെ  ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കവർന്ന, കവർസ്റ്റോറി എന്ന കുറ്റാന്വേഷണ മാസികയുടെ പത്രാധിപർ എറണാകുളം അങ്കമാലി എടലക്കാട് സ്വദേശി വെള്ളക്കാട്ട് രവീന്ദ്രൻ എന്നയാൾ അറസ്റ്റിലായി. റൊമാന കമ്പനിയുടെ ഉൽപ്പന്നമായ കുപ്പിവെള്ളം  വാങ്ങിയതി ൽ  അഴുക്കും പ്രാണികളും ഉണ്ടെന്നും അത് വൻ പ്രചാരമുള്ള തന്റെ മാസികയിലും നവമാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഉന്നത വ്യക്തികളുമായും തനി ക്ക് വൻ സ്വാധീനമുണ്ടെന്നും ഇവയെല്ലാം കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി കമ്പനി ഉടമയിൽനിന്ന് രവീന്ദ്രൻ 12 ലക്ഷം രൂപ വാങ്ങിയിരുന്നു. വിണ്ടും ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ചപ്പോൾ കമ്പനിയുടമ എറണാകുളം റേഞ്ച്  ഐജി ക്ക് പരാതി നല്കി. ഐജി റൂറൽ എസ്.പി ക്ക് പരാതി കൈമാറുകയും തുടർന്ന് അങ്കമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ആലുവ സബ് ജയിലിൽ അടച്ചു.