വിശാല പ്രതിപക്ഷ സഖ്യത്തിൽ ആം ആദ്മി ഉണ്ടാവില്ല :കെജ്‍രിവാൾ

#

ന്യൂഡൽഹി (10-08-18) :  കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന വിശാല പ്രതിപക്ഷ ഐക്യത്തെ തള്ളി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മഹാ സഖ്യത്തിൽ ആം ആദ്മി പാർട്ടി പങ്കാളിയാവില്ലെന്നാണ് കെജ്‍രിവാളിന്റെ നിലപാട്. സഖ്യത്തിന്റെ ഭാഗമായ പാർട്ടികൾക്ക് രാഷ്ട്രവികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലെന്നാണ് ഇതിനു കാരണമായി കെജ്‍രിവാൾ പറയുന്നത്. ഹരിയാനയിലെ റോഹ്ത്തക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും ആം ആദ്മി മത്സരിക്കുമെന്ന് പറഞ്ഞ കെജ്‍രിവാൾ വികസനമെന്തെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ഡൽഹിസർക്കാരിനെ  കണ്ടുപഠിക്കണമെന്നും പറഞ്ഞു. പൂർണ്ണ സംസ്ഥാന പദവി ഇല്ലാതിരുന്നിട്ടുകൂടി ഡൽഹി സർക്കാർ വിദ്യാഭ്യാസം, വൈദ്യുതി, കുടിവെള്ളവിതരണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നടത്തിയത് വലിയ  വികസന പ്രവർത്തനങ്ങളാണ്. എന്നാൽ ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും കേന്ദ്രത്തിലെ മോദി സർക്കാർ  തുരങ്കം വക്കുകയാണെന്നും കെജ്‍രിവാൾ ആരോപിച്ചു.