ഇടുക്കിയിൽ സ്ഥിതി അതീവ ഗുരുതരം : അഞ്ചാമത്തെ ഷട്ടറും തുറന്നു

#

ഇടുക്കി (10-08-18) : വലിയ രീതിയിലുള്ള നീരൊഴുക്ക് തുടരുന്നതിനാൽ  ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നിലവിൽ സെക്കൻഡിൽ മൂന്നുലക്ഷം ലിറ്റർ വീതം വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് പരമാവധി ശേഷിയായ 2403 അടിയിലേക്ക് അടുക്കുകയാണ്. ഇതോടെയാണ് അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നത്. ഇതോടെ സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 6 ലക്ഷം ലിറ്ററായി. അണക്കെട്ടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് അഞ്ചു ഷട്ടറുകളും തുറക്കുന്നത്.

നേരത്തെ മൂന്നു ഷട്ടറുകൾ ഉയർത്തിയപ്പോൾ തന്നെ ചെറുതോണി ബസ്റ്റാൻഡിൽ ഉൾപ്പെടെ വെള്ളം കയറുകയും വശങ്ങളിലുള്ള മരങ്ങൾ കടപുഴകി പുഴയിലേക്ക് വീഴുകയും ചെയ്തിരുന്നു. ഒഴുകിയെത്തിയ മരങ്ങൾ ചെറുതോണി പാലത്തിൽ തടഞ്ഞു നിൽക്കുന്നതുമൂലം പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. അഞ്ചാമത്തെ ഷട്ടറും തുറന്നാൽ  അധികമായി ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിന്ന് പാലം തന്നെ തകരുന്ന സ്ഥിതി ഉണ്ടാകുമെന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. പാലത്തിനു അടിയിൽ തടഞ്ഞു നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ നാലും അഞ്ചും ഷട്ടറുകൾ തുറക്കുകയായിരുന്നു.

സെക്കൻഡിൽ 6 ലക്ഷം ലിറ്റർ വെള്ളം വീതം ഒഴുകിയിട്ടും അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് ഉയരുകയാണ്.  ഇതിലും കൂടിയ അളവിലാണ് അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. ഇതേ നില തുടർന്നാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് ഇനിയും ഉയർത്തുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചനകൾ.