നെഹ്‌റുവിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദലൈലാമ

#

ബംഗളുരു (10-08-18) : സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഹമ്മദലി ജിന്നയുടെ പേര് മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ചിരുന്നെന്നും നെഹ്‌റുവിന്റെ എതിര്‍പ്പ് മൂലമാണ് അതു നടക്കാതെ പോയതെന്നുമുള്ള തന്റെ പരാമര്‍ശത്തില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ മാപ്പ് പറഞ്ഞു. ഗാന്ധിജിയുടെ നിര്‍ദ്ദേശം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു എന്നും ദലൈലാമ പറഞ്ഞിരുന്നു. ഓഗസ്റ്റ് 8 ന് ഒരു യോഗത്തിലാണ് തനിക്ക് പ്രധാനമന്ത്രിയാകണമെന്ന അല്പം സ്വാര്‍ത്ഥത നിറഞ്ഞ നെഹ്‌റുവിന്റെ മനോഭാവം മൂലമാണ് ഇന്ത്യാ വിഭജനം സംഭവിച്ചതെന്ന് ദലൈലാമ അഭിപ്രായപ്പെട്ടത്.

ദലൈലാമയുടെ പരാമര്‍ശത്തില്‍ വ്യാപകമായ എതിര്‍പ്പുണ്ടായി. ഗാന്ധിജി ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നെന്നും അതിനെ നെഹ്‌റു എതിര്‍ത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി പ്രതികരിക്കുകയുണ്ടായി. ഗാന്ധിജിയുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ജിന്ന തയ്യാറായില്ല എന്ന് മനീഷ് തീവാരി രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. നെഹ്‌റുവിനെക്കുറിച്ച് താന്‍ നടത്തിയ  പരാമര്‍ശം തെറ്റായിരുന്നുവെന്നും അതില്‍ മാപ്പ് ചോദിക്കുന്നു എന്നുമാണ് ദലൈലാമ ഇന്ന് അറിയിച്ചത്.