റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളിൽ 6 പേരെ പുറത്തെത്തിച്ചു

#

മൂന്നാർ (10-08-18) :  മഴയും മണ്ണിടിച്ചിലും മൂലം പള്ളിവാസൽ പ്ലംജൂഢി റിസോർട്ടിൽ കുടുങ്ങി കിടന്ന വിദേശ വിനോദസഞ്ചാരികളിൽ 6 പേരെ രക്ഷപെടുത്തി. റിസോർട്ടിലേക്കുള്ള സമാന്തരപാതയിലൂടെ സൈന്യം അതി സാഹസികമായാണ് ഇവരെ രക്ഷപെടുത്തിയത്. അടിയന്തിരമായി സ്വദേശത്തേക്ക് പോകേണ്ടിയിരുന്ന റഷ്യയിൽനിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കൻ ദമ്പതിമാരെയുമാണ് സൈന്യം റിസോർട്ടിൽനിന്ന് രക്ഷപെടുത്തി പുറത്ത് എത്തിച്ചത്.

മുപ്പതോളം വിദേശവിനോദസഞ്ചാരികളാണ് റിസോർട്ടിൽ കുടുങ്ങി കിടക്കുന്നത്. മണ്ണിടിച്ചിലിൽ തകർന്ന വഴി ശരിയാക്കുന്നതുവരെ ഇവർ കാത്തിരിക്കാമെന്ന് അറിയിച്ചെങ്കിലും ഇന്നുതന്നെ മുഴുവൻപേരെയും പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് സൈന്യം നടത്തുന്നത്.

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച റിസോർട്ടിനെതിരെ റവന്യൂ വകുപ്പ് നേരത്തെ നടപടി എടുത്തിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ കോടതിയെ സമീപിച്ചു. നേരത്തെ റിസോർട്ടിന് മുൻവശം പാർക്ക് ചെയ്ത വാഹനത്തിനു മുകളിലേക്ക് വലിയ പാറ അടർന്നുവീണിരുന്നു. അന്ന് വിനോദസഞ്ചാരികൾ തലനാരിഴക്കാണ് രക്ഷപെട്ടത്. ഇതേതുടർന്ന് റിസോർട്ട് അടച്ചുപൂട്ടണമെന്ന നിലപാടായിരുന്നു റവന്യൂ വകുപ്പ് സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് റിസോർട്ട് തുടർന്നും പ്രവർത്തിച്ചത്.

റിസോർട്ടിലുള്ള സഞ്ചാരികൾ സുരക്ഷിതരാണെന്നും എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയശേഷം റിസോർട്ട് അടച്ചുപൂട്ടുമെന്ന് ഇടുക്കി ജില്ലാകളക്ടർ ജീവൻ ബാബു അറിയിച്ചു.