അവസാനംവരെ പാര്‍ട്ടിയെ സ്‌നേഹിച്ച നേതാവ് : ബദ്രുദ്യോസഖാന്‍ എം.പി

#

കൊല്‍ക്കത്ത (13-08-18) : ഇടതുപക്ഷത്തിന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത നേതാവാണ് സോമനാഥ് ചാറ്റര്‍ജിയെന്ന് പശ്ചിമബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗവും സി.പി.ഐ(എം) നേതാവുമായ ബദ്രുദ്യോസഖാന്‍. 2008 ല്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുക എന്ന ഗുരുതരമായ തെറ്റ് ചെയ്തതിന് പാര്‍ട്ടി നല്‍കിയ ശിക്ഷ ഏറ്റുവാങ്ങിയ അദ്ദേഹം പിന്നീട് പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റായി തുടര്‍ന്നെന്നും മൂര്‍ഷിദാബാദ് എം.പി ബദ്രുദ്യോസഖാന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിശാല ഇടതുപക്ഷത്തിന്റെ ഭാഗമായിത്തന്നെ സോമനാഥ് ചാറ്റര്‍ജി തുടര്‍ന്നു. പുറത്തു പോയതിനുശേഷവും എല്ലാ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും പാര്‍ട്ടിയെ ശക്തമായി പിന്തുണയ്ക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനാധിപത്യം നഗ്നമായി ലംഘിക്കപ്പെട്ടപ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനപ്പെട്ടയാളാണ് സോമനാഥ് ചാറ്റര്‍ജി. ജനാധിപത്യത്തിന്റെ നിലനില്‍പ്പാണ് അടിയന്തരാവശ്യമെന്നും ജനാധിപത്യ സ്ഥാപനങ്ങളും നിയമവാഴ്ചയും എന്തുവില കൊടുത്തും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം എപ്പോഴും വാദിച്ചു.

ഒരു തെറ്റിന്റെ പേരില്‍ പാര്‍ട്ടിക്ക് അദ്ദേഹത്തെ ശത്രുവായി കാണാന്‍ കഴിയില്ല. ചെയ്ത തെറ്റിന് പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചു. അത് അദ്ദേഹം അംഗീകരിക്കുകയും ചെയ്തൂ എന്നാണ് ഞാന്‍ കരുതുന്നത്. പാര്‍ട്ടിയില്‍ നിന്നു പുറത്തായതിനുശേഷവും ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്നു. 10 തവണ ലോക്‌സഭാംഗമായിരുന്നു സഖാവ്. അഭിഭാഷകന്‍ എന്ന നിലയിലുള്ള വലിയ വരുമാനവും അതുവഴിയുള്ള നേട്ടങ്ങളും ഉപേക്ഷിച്ചാണ് അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചത്. അതൊന്നും മറക്കാന്‍ പാര്‍ട്ടിക്കു കഴിയില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്നു സഖാവ് സോമനാഥ് ചാറ്റര്‍ജി.

സോമനാഥ് ചാറ്റര്‍ജിയെപ്പോലെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും കുറിച്ച് അഗാധമായ അറിവുള്ള ഒരു നേതാവിന്റെ സാന്നിധ്യം ഏറ്റവും ആവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ മരണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ ഉറച്ചുനിന്നു പോരാടുകയാണ് സഖാവിന്റെ ഓര്‍മ്മയോട് നീതി പുലര്‍ത്താന്‍ നാം ചെയ്യേണ്ടത്.