സ്റ്റാലിനു വെല്ലുവിളിയുമായി അഴഗിരി

#

ചെന്നൈ (13-08-18) : തന്റെ അച്ഛന്റെ യഥാര്‍ത്ഥ ബന്ധുക്കളുടെ പിന്തുണ തനിക്കാണെന്ന് കരുണാനിധിയുടെ മൂത്തമകന്‍ എ.കെ.അഴഗിരി. കരുണാനിധിയുടെ മരണത്തിനുശേഷം ആദ്യമായി ഡി.എം.കെ എക്‌സിക്യൂട്ടീവ് നാളെ ചേരാനിരിക്കെയാണ് അവകാശവാദവുമായി അഴഗിരി രംഗത്തു വന്നത്. 2014 ല്‍ ഡി.എം.കെയില്‍ നിന്ന് അഴഗിരി പുറത്താക്കപ്പെട്ടിരുന്നു. "എന്റെ അച്ഛന്റെ എല്ലാ യഥാര്‍ത്ഥ ബന്ധുക്കളും എന്നോടൊപ്പമാണ്. തമിഴ്‌നാടിനെ പിന്തുണയ്ക്കുന്ന എല്ലാവരും എന്നോടൊപ്പമാണ്. എല്ലാവരും എന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്. കാലം എല്ലാത്തിനും ഉത്തരം നല്‍കും" അഴഗിരി പറഞ്ഞു.

നാളെ ചെന്നൈയില്‍ ചേരുന്ന ഡി.എം.കെ എക്‌സിക്യൂട്ടീവ് കരുണാനിധിയുടെ ഇളയമകന്‍ സ്റ്റാലിനെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുമന്ന് പ്രതീക്ഷിക്കപ്പെടുന്നതിനിടയിലാണ്  അഴഗിരിയുടെ പരസ്യമായ അവകാശവാദം. ഡി.എം.കെ നേതാവും കരുണാനിധിയുടെ മകളുമായ കനിമൊഴി സ്റ്റാലിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. 2014 ല്‍ സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്.