രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ് : 1 ഡോളർ = 70.08 രൂപ

#

മുംബൈ (14-08-18) : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് ഇന്ത്യൻ രൂപ നേരിടുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 70.08 രൂപ എന്ന സർവ്വകാല റെക്കോഡിലെത്തി. രാവിലെ 69.84ലാണ് വ്യാപാരം ആരംഭിച്ചത്. 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും അതിവേഗം മൂല്യം ഇടിഞ്ഞ് 70.08 രൂപയിലെത്തുകയായിരുന്നു.

ഇന്നലെ ഒരു ദിവസംകൊണ്ട് രൂപയുടെ മൂല്യത്തിൽ 1.08 രൂപയുടെ കുറവുണ്ടായി. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിച്ചു. ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യത്തിൽ ഇന്നലെ 8 ശതമാനം കുറവുണ്ടായി.

ഈ വർഷം മൊത്തത്തിൽ 7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 15 രൂപയ്ക്ക് ഒരു ഡോളർ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം വർദ്ധിക്കുമെന്നായിരുന്നു അധികാരമേറ്റ നാളുകളിൽ ബി.ജെ.പി നേതാക്കളുടെ പ്രചാരണം. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടുകയും വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രണാതീതമാകുകയും ചെയ്യാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.