ലഡാക്കിൽ ചൈനീസ് കടന്നുകയറ്റം : ഇന്ത്യൻ പ്രദേശത്ത് സൈനിക ക്യാമ്പുകൾ സ്ഥാപിച്ചു

#

ന്യൂഡൽഹി (14-08-18) :  ഡോക് ലാമിനുശേഷം  ഇന്ത്യൻ അതിർത്തിയിൽ പ്രകോപനവുമായി ചൈന വീണ്ടും. കിഴക്കൻ ലഡാക്കിൽ ദാംചോക്കിൽ 400 മീറ്ററോളം ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറുകയും സൈനിക ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തു. ചൈനീസ് സൈന്യം ഇത്തരത്തിൽ 5 ടെന്റുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ.

ജൂലായ് ആദ്യവാരമാണ് ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽ വരുന്നത്. തുടർന്ന് ഇന്ത്യൻ പ്രദേശത്തുനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബാനർ ഡ്രിൽ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ചൈനീസ് സൈന്യം പ്രദേശത്തു തുടരുകയാണ്.

ഇരുസൈന്യത്തിലെയും ഉന്നതഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ചൈനീസ് സൈന്യം സ്ഥാപിച്ച 5 ടെന്റുകളിൽ 3 എണ്ണം നീക്കംചെയ്തു. എന്നാൽ ശേഷിക്കുന്ന രണ്ടെണ്ണം നീക്കം ചെയ്യാൻ ചൈന ഇതുവരെ തയ്യറായിട്ടില്ല. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മൗനം പാലിക്കുകയാണ് ചൈനീസ് സൈന്യം.

ഇന്ത്യക്കും ചൈനക്കും ഇടയിലെ അതിർത്തിയിൽ കിഴക്കൻ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ദാംചോക്ക് ഉൾപ്പെടെ 25 പ്രശ്‌നബാധിത പ്രദേശങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിൽ ഇരുസൈന്യവും തമ്മിൽ മുഖാമുഖം വരാറുണ്ട്.  എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം ചൈനീസ് സൈന്യം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്.  ഈ വർഷം  ഇതുവരെ 170  തവണയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചത്. കഴിഞ്ഞവർഷം 473 തവണ ചൈനീസ് സൈന്യം അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചിരുന്നു.