ബ്രിട്ടീഷ് പാർലമെന്റിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം : രണ്ടുപേർക്ക് പരിക്ക്

#

ലണ്ടൻ (14-08-18) : ബ്രിട്ടനിൽ പാർലമെൻറ്റ് മന്ദിരത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.  ഇതേതുടർന്ന് ബ്രിട്ടനിൽ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പാർലമെന്റ് മന്ദിരത്തിന്റെ ഗേറ്റിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ ഗേറ്റിനു മുന്നിലുള്ള സുരക്ഷ ക്രമീകരണങ്ങളിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ള പോലീസുകാർ ഉടൻതന്നെ കാർ വളയുകയും ഡ്രൈവ് ചെയ്തിരുന്ന യുവാവിനെ പിടികൂടുകയുമായിരുന്നു. സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ സെല്ലാണ് സംഭവം അന്വേഷിക്കുന്നത്. പിടിയിലായ യുവാവിന് ഭീകര ബന്ധമുണ്ടെന്നാണ് സൂചന. കാർ പാഞ്ഞു കയറി സൈക്കിൾ യാത്രികരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ട്യൂബ് സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് സ്‌ക്വയര്‍, വിക്‌ടോറിയ ടവര്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.