സ്വാതി പുരസ്കാരം ടിവി ഗോപാലകൃഷ്ണന്; രവിവർമ്മ പുരസ്കാരം അനില ജേക്കബിന്

#

തിരുവനന്തപുരം (14-08-18) : സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2016 ലെ സ്വാതി പുരസ്കാരത്തിന് മൃദംഗവാദകനും സംഗീതജ്ഞനുമായ പത്മഭൂഷന്‍ ടി വി ഗോപാലകൃഷ്ണന്‍ അര്‍ഹനായി. ചിത്രകലാ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജാരവിവര്‍മ്മ പുരസ്കാരം ശില്‍പി അനിലാജേക്കബിന് നൽകും. ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് രണ്ടു പുരസ്കാരങ്ങളും.

സ്വാതി പുരസ്കാരത്തിന് അർഹനായ  ടി വി ഗോപാലകൃഷ്ണന്‍ ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ്. സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ. സി ലളിത, വിദ്യാധരന്‍, മുഖത്തല ശിവജി, മണ്ണൂര്‍ രാജകുമാരനുണ്ണി, തിരുവനന്തപുരം സംഗീതകോളേജ് പ്രിന്‍സിപ്പല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് സ്വാതി പുരസ്കാര നിര്‍ണയം നടത്തിയത്.

സ്വതന്ത്ര ശില്‍പനിര്‍മ്മാണത്തില്‍ തല്‍പരയായ കേരളീയശില്‍പകലാ വിദഗ്ധയാണ് രാജാരവിവര്‍മ്മ പുരസ്കാരത്തിന് അർഹയായ അനിലാജേക്കബ്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, കെ എം വാസുദേവന്‍ നമ്പൂതിരി, സദാനന്ദ് മേനോന്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് രവിവർമ്മ പുരസ്കാര നിര്‍ണയം നടത്തിയത്.