ലോക്സഭാ -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനാകില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ

#

ന്യൂഡൽഹി (14-08-18) : ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നത് ഇപ്പോൾ സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഓ.പി.റാവത്ത്. സംസ്ഥാന സർക്കാരുകളുടെ കാലാവധി നീട്ടുകയോ വെട്ടിക്കുറക്കുകയോ ചെയ്യുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അതിനാൽ നിലവിലെ സ്ഥിതിയിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനാകില്ല.

സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തുന്നതിന് വിവിപ്പാറ്റ് മെഷീനുകൾ സജ്ജമാക്കുന്നത് വെല്ലുവിളിയാണ്. കൂടാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പല മടങ്ങ് ഉണ്ടെങ്കിൽ മാത്രമേ സുരക്ഷിതമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയുള്ളു. ഇതെല്ലാം കണക്കിലെടുത്താൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനാകില്ല എന്ന് ഓ.പി.റാവത്ത് പറഞ്ഞു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. അടുത്തവർഷം കാലാവധി തീരുന്ന മധ്യപ്രദേശ് , രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചുനടത്താനാണ് നീക്കമെന്നായിരുന്നു വാർത്തകൾ.