ഈ പാഠം മറക്കരുത്

#

(16-08-18) : മഴ തുടരുകയാണ്. തിരുവനതപുരം മുതൽ കാസർകോട് വരെ പ്രളയമാണ്. റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുരുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ നീണ്ടകരയിൽ നിന്ന് മൽസ്യബന്ധന ബോട്ടുകൾ സ്വമേധയാ രക്ഷാപ്രവർത്തനങ്ങൾക്കു മുന്നോട്ടു വന്ന മൽസ്യത്തൊഴിലാളുകളെ കയറ്റി, പത്തനംതിട്ടയിലേക്കും റാന്നിയിലേക്കും പുറപ്പട്ടു കഴിഞ്ഞു. ഇവിടെ കൊട്ടാരക്കരയിൽ, ആകാശം ഇരുണ്ടുകൂടി ഇരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നോർത്തിരുന്നപ്പോൾ രണ്ടു ശക്തമായ മഴ പെയ്തു. പക്ഷെ കാറ്റ് ഇന്നില്ല ഇതുവരെ, ഇതെഴുതുന്നത് വരെ. രണ്ടു ദിവസമായി ചുറ്റിയടിക്കുന്ന കൊടുങ്കാറ്റും പേമാരിയുമായിരുന്നു. വീടിനു തൊട്ടടുത്ത മരങ്ങൾ കടപുഴകി വീഴുമൊന്നുള്ള ഭയം ഉണ്ടായിരുന്നു. പക്ഷെ അതൊഴിച്ചാൽ വെള്ളം കേറുമെന്നുള്ള പേടി ഒട്ടുമില്ല. അച്ഛന് നന്ദി. കാറ്റും വെട്ടവും ശുദ്ധജലത്തിന്റെ ലഭ്യതയും നിരീക്ഷിച്ചു, കുന്നിൻ ചരുവിലല്ലാതെ, നദിക്കരയിൽ അല്ലാതെ, കടലിൽ നിന്നകന്നു, നഗരത്തിൽ നിന്ന് മാറി അമ്പതിലേറെ വർഷങ്ങള്ക്കു മുമ്പ്, വെട്ടുകല്ലിൽ പണിതുയർത്തിയ ഒരു വീടിന്റെ സുരക്ഷിതത്വം ഇപ്പോഴാണ് ബോധ്യമായത്. അച്ഛന് വീണ്ടും നന്ദി.

പക്ഷേ, ഞാൻ എത്ര സുരക്ഷിതമായാലും, എന്റെ കൺമുന്പിൽ ആയിരക്കണക്കിന് ജനങ്ങൾ ദുരിതത്തിൽ പെടാപാട് അനുഭവിക്കുമ്പോൾ ഈ ചുമരുകളും ഈ മേൽക്കൂരകളും നൽകുന്ന സുരക്ഷിതത്വബോധം ഒന്നുമല്ല. തൽക്കാലമുള്ള ഒരു ആശ്വാസം. ദൂരെ നിന്ന് കേൾക്കുന്ന ആംബുലൻസുകളുടെ സൈറണും, ഒരിക്കലും ഇതുവരെ മുഴങ്ങി കേൾക്കാത്ത ഹെലികോപ്റ്ററുകളുടെ ഇരമ്പലും അതീവ ജാഗ്രതയോടെ ഇരിക്കണമെന്ന നിർദേശങ്ങളും, രാത്രിയിൽ ഇരുട്ടത്ത് ടെറസിൽ നിന്നും രണ്ടാം നിലകളിൽ നിന്നും രക്ഷിക്കണേ രക്ഷിക്കണേ എന്നുള്ള നിലവിളികളും എന്റെ ആശങ്കയും, അങ്കലാപ്പും കൂടുകയാണ്. ടീവിയിൽ ദൃശ്യങ്ങളും വാർത്തകളും ഉണ്ട്. പക്ഷെ അതിനിടയിലുള്ള പരസ്യങ്ങൾ വല്ലാതെ അരോചകമാവുന്നു. അതും ഒരു ദുരന്തം നടക്കുന്നതിനിടയിൽ കല്യാൺ സിൽക്സിന്റെയും സ്വർണ കടക്കാരെന്റെയും അഭിമാന മുണ്ടുകളുടെയും പരസ്യങ്ങൾ!

എന്നെ പറ്റിയല്ല ഞാൻ അസ്വസ്ഥയാവുന്നത്. ദിവസങ്ങളോളമായി കാട്ടിനുള്ളിൽ ഒറ്റപെട്ടു കഴിയുന്ന വയനാട്ടിലെ  ആദിവാസി ഊരുകളിൽ എന്താവും സ്ഥിതി? രക്ഷാപ്രവർത്തനം ഈ തോരാ മഴയത്തു അവരിലേക്ക്‌ എങ്ങനെ എത്തിക്കും? മുല്ലപ്പെരിയാറും ഇടുക്കിയും വെള്ളം തുറന്നു വിട്ടിരിക്കുകയാണ്. പാവം ചെറുതോണി... നമ്മൾക്കെല്ലാം വെദ്യുതി തരാൻ  വേണ്ടി എന്ത് അപകടങ്ങൾ കടന്നു പോകുന്നു! ഇടിയുന്ന മലകൾ, തകരുന്ന മേൽക്കൂരകൾ, മലവെള്ളപ്പാച്ചിൽ! ഇതെല്ലാം ഈ കൊച്ചു കേരളത്തിൽ. തൊട്ടടുത്ത്!  കുട്ടനാടു ഒന്ന് നോർമൽ ആകാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ ഇപ്പോൾ  വീണ്ടും ജനങ്ങൾ കൂരകൾ വിട്ടു ക്യാമ്പുകളിലേക്ക് മടങ്ങിയെത്തി. പ്രതിദിനം വർധിച്ചു വരുന്ന മരണ നിരക്കുകൾ, ഉരുൾപൊട്ടലുകൾ തുടരുന്നു; നദികളുടെ  ഗതി മാറി ഒഴുകുന്നു. രണ്ടു മൂന്നു ദിവസം മുമ്പാണ് എവിടോ നദിയുടെ ഗതി മാറി ഏതോ വീട്ടിനുള്ളിലോട്ടു ഇരമ്പി കടന്നു എന്ന് കേട്ടു.  ഇന്ന് രാവിലെ കേട്ട വാർത്ത, പെരിയാറിൽ നിന്നൊഴുകിയ വെള്ളത്തിന്റെ റൂട്ട് മാറി ആലുവായ് കമ്പനിപ്പടിയിൽ വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നുവെന്ന്.

നദീതടങ്ങളിലേക്കു കടന്നു കയ്യേറിയ ലാഭക്കൊതിയന്മാരായ മനുഷ്യർ മലകൾ അതിക്രമിച്ചു മരങ്ങൾ വെട്ടി റിസോർട്സും ക്വാറികളും എസ്റ്റേറ്റുകളും ഇഷ്ടം പോലുണ്ടാക്കിയില്ലേ? വികസനത്തിന്റെ  പേരിൽ ഇപ്പോഴും പരിസ്ഥിതി സംരക്ഷിക്കാതെ നിയന്ത്രണാതീതമായി കെട്ടിടങ്ങൾ ഉണ്ടാക്കിയ കാര്യം പറയുമ്പോൾ നമ്മുടെ മുഖം ചുളിയും, പരിസ്ഥിതിവാദി എന്ന് പറഞ്ഞു ആക്ഷേപിക്കും. കേരളം പോലെ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശത്തിന് പശ്ചിമഘട്ടം സംരക്ഷിക്കേണ്ട ആവശ്യം മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ചപ്പോൾ ആ റിപ്പോർട്ട് എടുത്തു ഷെൽഫിൽ വച്ച് പൂട്ടിക്കെട്ടി. ഇട്ടാവട്ടം വലിപ്പമുള്ള നമ്മുടെ കൊച്ചു കേരളത്തിന് എന്തിനാ ഈ മുപ്പത്തിമൂന്നു  ഡാമെന്നു ഞാൻ ശരിക്കും അന്തം വിട്ടു ഇരിക്കുകയാണ്. ഡാമുകൾ നദികളുടെ പ്രകൃത്യാ ഉള്ള ഒഴുക്കിനെ നിയന്ത്രിക്കുക്കുകയല്ലേ? ഇത്രയധികം ഡാമുകളിലെ വെള്ളം തുറന്നു വിടുന്ന സ്ഥിതി ഇന്ന് വരെ ഉണ്ടായിട്ടുണ്ടാവില്ല. പക്ഷെ ഇപ്പോൾ കണ്ടല്ലോ തുറന്നു വിട്ടതും വിട്ടപ്പോഴത്തെ സ്ഥിതി വിശേഷവും. അതെ പറയാം, വാദിക്കാം, തൊണ്ണൂറ്റൊമ്പതിലെ  വെള്ളപ്പൊക്കം എങ്ങനാ ഉണ്ടായതെന്ന്, അന്ന് വികസനം ഇല്ലായിരുന്നല്ലോ എന്ന്. വെള്ളപ്പൊക്കവും വരൾച്ചയും കാട്ടുതീയും എല്ലാം പ്രകൃതിയിൽ ഉണ്ടാവും, നമ്മൾക്കതൊന്നും മറികടക്കാൻ ആവില്ല. പക്ഷെ അതിന്റെ ആഘാതത്തിന്റെ തോത് കുറയ്ക്കാനാവും.  മനുഷ്യരെ രക്ഷിക്കാൻ നമ്മൾക്കാവും. അതിനു നമ്മൾ പ്രകൃതിയെ അറിയണം. കേരളത്തിന്റെ ഭൂമിശാസ്ത്രം അറിയണം. ചരിഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടവും അതിൽ നിന്നൊഴുകുന്ന പുഴകളുടെ ഒഴുക്കും മണ്ണിന്റെ ബലവും അറിയണം. അതനുസരിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണം. പ്രകുതിയെ അധികമായി ചൂഷണം ചെയ്യുന്ന വികസന പദ്ധതികൾ ഉപേക്ഷിക്കണം. അനുയോജ്യമായ പദ്ധതികൾ നടപ്പാക്കണം. അല്ലാതെ വികസനം വേണ്ട എന്ന് വാദിക്കുകയല്ല.

ഈ ദുരന്തം നമ്മൾക്കൊരു പാഠമാവട്ടെ. തല്ക്കാലം നമ്മുടെ മുമ്പിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ദുരന്ത നിവാരണമാണ്. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുക, ഒത്തൊരുമിച്ചു അവർക്ക് വീണ്ടും ഒരു കൂര ഒരുക്കി കൊടുക്കുക, അതിനായി കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന നടപടികളോട് എല്ലാ തരത്തിലും സഹകരിച്ചു വിജയിപ്പിക്കുക. സ്തുത്യർഹമായ ഇടപെടലും കാര്യക്ഷമതയുമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായത്. ജനപ്രതിനിധികളും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രതിപക്ഷവും  ഒത്തൊരുമിച്ചു ഉത്തരവാദിത്വത്തോടെ കേരളത്തെ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയാണ്. തീർച്ചയായും, നമ്മൾ ഈ പ്രളയത്തെ അതിജീവിക്കും. വീണ്ടും കേരളം ശാന്തമാകും. അപ്പോൾ ഒരു കാര്യം മാത്രം മറക്കരുത്. ദുരന്തം നമ്മളെ പഠിപ്പിച്ച പാഠം. പരസ്പരം കുറ്റപ്പെടുത്തുകയും ചെളി വാരി എറിയുകയുമല്ല നമ്മൾ ചെയ്യേണ്ടത്. നമുക്ക് ഏതു തരത്തിലുള്ള വികസനമാണ് വേണ്ടത് എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ഇവിടത്തെ മണ്ണും മലയും അറിഞ്ഞവർ, നദിയും ഒഴുക്കും അറിഞ്ഞവർ, കാടറിഞ്ഞവർ,  കടലറിഞ്ഞവർ അവരൊക്കെയാണ് നമ്മുടെ സംസ്ഥാനത്തെ വികസിപ്പിക്കേണ്ടത്. അല്ലാതെ അദാനിമാരും  ക്വാറി മുതലാളിമാരും റിസോർട് ഉടമകളും എസ്റ്റേറ്റ് മുതലാളിമാരുമല്ല കേരളത്തിനെ വികസനത്തിലേക്ക് നയിക്കേണ്ടത്. വിഴിഞ്ഞത്തെ തുറമുഖം കൊണ്ട് വരാവുന്ന പരിസ്ഥിതി ദോഷങ്ങൾ നമ്മൾ മനസ്സിലാക്കണം. കടലിൽ അതുണ്ടാക്കുന്ന വ്യതിയാനങ്ങൾ നമ്മൾ മനസ്സിലാക്കണം. മാധവ് ഗാഡ്ഗിൽ നിർദേശങ്ങൾ പുനർവായന നടത്തണം. ജനങ്ങളെ ബോധവാന്മാരാക്കണം. അല്ലാതെ പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ മുഖം ചുളുപ്പിച്ചു ആളുകളെ പറഞ്ഞു പറ്റിക്കുന്ന സഭകളും, രാഷ്ട്രീയനേതാക്കളും, ഗുണ്ടകളും അല്ല കേരളത്തെ  നയിക്കേണ്ടത്.

ഒരു പക്ഷെ അടുത്ത 48 മണിക്കൂർ കൂടി ഈ മഴ പെയ്തേക്കാം, കൊടുങ്കാറ്റടിച്ചേക്കാം, നദികളിലെ  ജലനിരപ്പുയർന്നേക്കാം. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ. സുരക്ഷാപ്രവർത്തനങ്ങൾ സുഗമമായി നടക്കട്ടെ. മഴ പെയ്തൊഴിയട്ടെ. ചിങ്ങം ഒന്നാണ്. നാളെ. ഓണം ആഘോഷിക്കണമെന്നില്ല, പക്ഷെ ആരും ഉണ്ണാതെ ഉറങ്ങാതെ ഉണ്ടാവാതിരിക്കട്ടെ.