മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയാക്കി കുറച്ചുകൂടേയെന്ന് സുപ്രീംകോടതി

#

ന്യൂഡൽഹി (16-08-18) : മുല്ലപ്പരിയാറിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച്  ദുരന്തനിവാരണ സമിതിയുടെയും ദേശീയ ദുരന്തനിവാരണസമിതിയുടേയും സംയുക്‌തയോഗം ചർച്ചചെയ്ത് തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി. കേരളം കടുത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സ്വദേശി റസല്‍ ജോയി സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാളെ രാവിലെ മുല്ലപ്പെരിയാർ ദുരന്തനിവാരണ സമിതിയുടെയും ദേശീയ ദുരന്തനിവാരണസമിതിയുടേയും സംയുക്‌തയോഗം ചേരണം. ജലനിരപ്പ് താഴ്ത്തുന്നത് സംബന്ധിച്ച് സമിതി ചർച്ച ചെയ്ത് തീരുമാനമെടുക്കണം. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  139 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം യോഗം പരിശോധിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

മഴക്കെടുതിമൂലം വലയുന്ന സംസ്ഥാനത്തിന്റെ സ്ഥിതികൂടി പരിഗണിച്ചുവേണം തീരുമാനം എടുക്കേണ്ടത്. കേരളത്തിലെ സ്ഥിതി ഒരുപോലെ അപകടകരവും ആശങ്കാജനകവുമാണ്. സമിതിയുമായി തമിഴ്‌നാടും സഹകരിക്കണം. ദുരിതത്തിലായിരിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികളും യോഗത്തിൽ തീരുമാനിക്കണം. നാളെ ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. അപ്പോൾ ഇതുസംബന്ധിച്ച തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.