ഹിന്ദു തീവ്രവാദത്തിന്റെ മൃദുമുഖം

#

( 17.08.2018 ) : പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് 14 വർഷം കഴിഞ്ഞാണ് എ.ബി.വാജ്പേയ് മരിച്ചത്. പക്ഷേ, ഈ 14 വർഷത്തിൽ കഷ്ടിച്ച് ആദ്യത്തെ 1 വർഷം മാത്രമേ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നുള്ളൂ. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് അധികം കഴിയുന്നതിനു മുമ്പ് സജീവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബി.ജെ.പിയുടെ ആദ്യത്തെ അദ്ധ്യക്ഷനായിരുന്നു എ.ബി.വാജ്പേയ്. ജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ബി.ജെ.പി നേതാവും അദ്ദേഹമായിരുന്നു. മതരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതൃത്വത്തിലിരുന്നുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നയാൾ എന്ന ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് വാജ്പേയിയുടെ നേട്ടം. ബി.ജെ.പിയുടെ മുഖംമൂടിയാണ് വാജ്പേയിയെന്ന് ആ പാർട്ടിക്കാർ തന്നെ പറയുകയും ചെയ്തു.

" അടൽ ബിഹാരി വാജ്പേയ്, ലാൽ കൃഷ്ണ അദ്വാനി, മുരളീ മനോഹർ ജോഷി, രാജ് മാതാ വിജയ് രാജ് സിന്ധ്യ, പാർട്ടിയുടെ ചിഹ്നം, കൊടി, മാനിഫെസ്റ്റോ , ഇതാണ് ബി.ജെ.പിയുടെ യഥാർത്ഥ മുഖം " ബി.ജെ.പിയുടെ ശരിയായ മുഖം ഏതാണ് എന്ന ചോദ്യത്തിന്, ഒരിക്കൽ അദ്വാനി നല്കിയ ഉത്തരമാണിത്. ഈ ഉത്തരം അദ്വാനി പറയുന്ന കാലത്ത് മുരളീ മനോഹർ ജോഷിയാണ് പാർട്ടി അദ്ധ്യക്ഷൻ. വാജ്പേയി പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവ്. സംഘടനയെ യഥാർത്ഥത്തിൽ നയിക്കുന്നത് അദ്വാനി. വിജയ്രാജ് സിന്ധ്യയുടെ രാജ് മാതാ എന്ന വിശേഷണത്തിൽ ബി.ജെ.പിയുടെ സാമൂഹ്യ അടിത്തറയാണ് വ്യക്തമാകുന്നത്.

വലിയ വാഗ്മിയും പൊതുജനങ്ങൾക്കിടയിൽ സമ്മതിയുള്ള നേതാവുമായി വാജ്പേയിയും സംഘടനയെ വ്യക്തമായ ലക്ഷ്യബോധത്തോടെ നയിക്കുന്ന കർക്കശക്കാരനായ നേതാവ് എന്ന പ്രതിച്ഛായയോടെ അദ്വാനിയും മൂന്ന് പതിറ്റാണ്ടോളം കാലം ബി.ജെ.പിയുടെ അനിഷേധ്യരായ നേതാക്കളായി നിറഞ്ഞു നിന്നു. അദ്വാനി തീവ്ര ഹിന്ദുത്വത്തിന്റെയും വാജ്പേയ് മൃദു ഹിന്ദുത്വത്തിന്റെയും വക്താക്കളായി ചിത്രീകരിക്കപ്പെട്ടു. പള്ളി പൊളിക്കുന്നതിന് അദ്വാനി നേരിട്ടു നേതൃത്വം നല്കിയപ്പോൾ പള്ളി പൊളിക്കുന്നതിനോട് യോജിപ്പില്ലാത്തയാളായി വാജ്പേയിയെ ജനങ്ങൾ കണ്ടു. ഗുജറാത്ത് വംശഹത്യയ്ക്ക് നരേന്ദ്രമോദിയെ അദ്വാനി ഉള്ളു കൊണ്ട് അനുഗ്രഹിച്ചു എന്നാണ് കരുതപ്പെടുന്നത്. അതിനെ വാജ്പേയ് അംഗീകരിച്ചിരുന്നില്ലത്രേ. അദ്വാനി -വാജ്പേയ് മാരുടെ മൃദു - തീവ്ര ഹിന്ദു പ്രതിച്ഛായകൾ ബോധപൂർവ്വമുള്ള നിർമ്മിതികളായാലും അല്ലെങ്കിലും മോദിയുടെ വരവോടെ ആ വിശേഷണങ്ങളൊക്കെ അപ്രസക്തമായി.