പ്രളയക്കെടുതി നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം : മുഖ്യമന്ത്രി

#

തിരുവനന്തപുരം (17-08-18) :  സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 164 ആയി. പ്രളയക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനത്തിന്റെ സംവിധാനങ്ങളോടൊപ്പം കേന്ദ്ര സേനകളും സന്നദ്ധ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 52856 കുടുംബങ്ങളിലുള്ള 223000 പേര്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പ്രളയക്കെടുതികളെക്കുറിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യോമസേനയുടെ 11 ഹെലിക്കോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെടുന്നുണ്ട്. കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ലഭ്യമാക്കണമെന്ന് പ്രതിരോധമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, ചാലക്കുടി, ആലുവ, ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ പല പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് 150 ലേറെ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിട്ടുണ്ട്. ചെങ്ങന്നൂരിലും ചാലക്കുടിയിലും ഒറ്റപ്പെട്ടു പോയവരെ ബോട്ടുകളില്‍ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഹോലിക്കോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കും.

കരസേനയുടെ 16 സംഘങ്ങള്‍ പ്രവര്‍ത്തന നിരതമാണ്. നാവികസേനയുടെ 13 സംഘങ്ങള്‍ തൃശൂരിലും 10 എണ്ണം വയനാട്ടിലും 12 എണ്ണം ആലുവയിലും 4 സംഘങ്ങള്‍ ചെങ്ങന്നൂരിലും 3 സംഘങ്ങള്‍ പത്തനംതിട്ട ജില്ലയിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നാവികസേനയുടെ 3 ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്. തീരസംരക്ഷണസേന 28 കേന്ദ്രങ്ങളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. 2 ഹെലിക്കോപ്റ്ററുകള്‍ അവരുടെ കൈവശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 39 സംഘങ്ങള്‍ പ്രവര്‍ത്തനരംഗത്ത് ഇപ്പോള്‍ സജീവമാണ്. 14 സംഘങ്ങള്‍ കൂടി ഉടനേയെത്തും.

പെരിയാറിലും ചാലക്കുടി  പുഴയിലും ജലനിരപ്പ് കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലിക്കോപ്റ്ററിലും ബോട്ടിലും ഭക്ഷണവും വെള്ളവുമെത്തിക്കും. ആയിരക്കണക്കിനാളുകള്‍ ഒറ്റപ്പെട്ട് കുടുങ്ങിക്കിടപ്പുണ്ട്. മുഴുവന്‍ ആളുകളെയും ഇന്ന് പകല്‍ തന്നെ രക്ഷിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ഉന്നതതലയോഗം ചേര്‍ന്ന് വസ്തുതകള്‍ അവലോകനം ചെയ്തിരുന്നു. വൈകിട്ട് വീണ്ടും ഉന്നതതലയോഗം ചേരും.