സ്വാമി അഗ്നിവേശിനെതിരേ വീണ്ടും ആക്രമണം

#

ന്യൂഡല്‍ഹി (17-08-18) :  പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരേ വീണ്ടും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമം. മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഡല്‍ഹി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ വച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. എണ്‍പതുകാരനായ അഗ്നിവേശിനെ അക്രമികള്‍ തറയില്‍ തള്ളിയിടുകയും ചെയ്തു. അഗ്നിവേശ് ആക്രമിക്കപ്പെടുന്നത് പലരും ക്യാമറയില്‍ പകര്‍ത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല. അഗ്നിവേശിനെ ചെരുപ്പൂരി തല്ലാന്‍ ഒരു സ്ത്രീ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് തനിക്കെതിരായ ആക്രമണം നടന്നതെന്ന് സ്വാമി അഗ്നിവേശ് ആരോപിക്കുകയുണ്ടായി.