മന്ത്രി രാജുവിനെ തിരിച്ചുവിളിച്ചു

#

തിരുവനന്തപുരം (17.08.2018) : ജർമ്മനിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കാൻ പോയ വനം വകുപ്പ് മന്ത്രി കെ.രാജു യാത്ര മതിയാക്കി തിരികെ എത്തും. യാത്ര മതിയാക്കി തിരികെ എത്താൻ സി.പി.ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജു യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തുന്നത്. കേരളം അഭൂതപൂർവ്വമായ പ്രളയക്കെടുതി നേരിടുമ്പോൾ മന്ത്രി വിദേശയാത്രയ്ക്ക് പോയത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ചയിലെ ജർമ്മൻ സന്ദർശനത്തിനായി ഇന്നലെയാണ് മന്ത്രി രാജു ജർമ്മനിയിലേക്ക് തിരിച്ചത്.

ഒരു മാസം മുമ്പായിരുന്നു രാജു ജർമ്മൻ യാത്രയ്ക്ക് പാർട്ടിയുടെ അനുമതി തേടിയത്. പാർട്ടി അനുമതി നൽകുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിയുടെ വിദേശയാത്ര അനുചിതമാണെന്ന് വിലയിരുത്തിയ പാർട്ടി യാത്ര അവസാനിപ്പിച്ച് മടങ്ങാൻ ഇന്ന് രാവിലെ ആവശ്യപ്പെടുകയായിരുന്നു. 19 ന് മന്ത്രി നാട്ടിൽ മടങ്ങിയെത്തും.