മുഴുവൻ തീരവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

#

(17.08 2018) : പ്രളയക്കെടുതിയനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ മുന്നിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടുക ജീവിതത്തിന്റെ ഭാഗമായ മത്സ്യത്തൊഴിലാളികൾ ഈ പ്രതിസന്ധിയിൽ എല്ലാം മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ഈ പ്രതിസന്ധിയെ നേരിടുന്നതിൽ കേരള ജനതയ്ക്ക് മത്സ്യത്തൊഴിലാളികൾ നേതൃത്വം നല്കുമെന്ന് തീരദേശ വനിതാവേദി നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ മാഗ്ലിൻ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. മാഗ്ലിന്റെ വാക്കുകൾ:

വലിയ പ്രകൃതിദുരന്തങ്ങളെ നേരിട്ട അനുഭവങ്ങളുള്ളവരാണ് ഞങ്ങൾ മത്സ്യത്തൊഴിലാളികൾ. ഉൾക്കടലിലും മറ്റു ജലാശയങ്ങളിലും ജീവിതത്തിനു വേണ്ടി പോരടിക്കുന്നവർ. കടൽക്ഷോഭം ഞങ്ങളുടെ നിത്യ അനുഭവമാണ്. ഓഖി പോലെയുള്ള ദുരന്തങ്ങൾ നേരിട്ടവരാണ് ഞങ്ങൾ. ദുരന്തത്തിന്റെ ആഘാതം എന്താണെന്ന് ഞങ്ങൾക്കറിയാം. അതു കൊണ്ടു തന്നെ ഇപ്പോൾ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രയാസം കണ്ടു കൊണ്ട് നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല. എന്റെ ഗ്രാമത്തിൽ നിന്ന് 18 വള്ളങ്ങൾ എല്ലാ സജ്ജീകരണങ്ങളുമായി ദുരന്ത മേഖലകളിലേക്ക് അയച്ചിട്ടാണ് ഞാൻ വന്നത്. തിരുവനന്തപുരത്തു നിന്ന് 300 ലേറെ വള്ളങ്ങളും 500 ലേറെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങളിലാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ട്.

മത്സ്യത്തൊഴിലാളികൾ ദുരന്തങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള അനുഭവങ്ങളും പ്രതിസന്ധികളെ നേരിട്ട് നേടിയ ചങ്കുറപ്പും ഇവിടെ രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായമാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. തീരം മുഴുവൻ കാത്തിരിക്കുകയാണ്. എല്ലാവരെയും രക്ഷിച്ചു തിരിച്ചു വരാൻ അവർക്കു കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഓരോ മത്സ്യത്തൊഴിലാളിയുടെയും ഐഡന്റിറ്റി കാർഡ് പോലീസിനെ കാണിച്ച് വിശദവിവരങ്ങൾ നല്കിയാണ് രക്ഷാപ്രവർത്തനത്തിന് പോയത്. വള്ളത്തിൽ അവരോടൊപ്പം പോകാൻ പോലീസ് എനിക്ക് അനുമതി നല്കിയില്ല. റെസ്ക്യൂ ഓപ്പറേഷന് സ്ത്രീകൾ വേണ്ട, മറ്റു ചുമതലകൾ നിർവ്വഹിച്ചാൽ മതി എന്നാണ് പോലീസ് പറഞ്ഞത്. മനസ്സോടെയല്ല ഞാൻ അത് അംഗീകരിച്ചത്.

കേരളം മുഴുവൻ ഒരേ മനസ്സോടെ നില്ക്കേണ്ട, നില്ക്കുന്ന സന്ദർഭമാണ് ഇത്. ദുരന്തങ്ങളെ നേരിട്ട് ശീലമുള്ള ജനവിഭാഗം എന്ന നിലയിൽ രക്ഷാപ്രവർത്തനത്തിന്റെ മുന്നിൽ നിൽക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മത്സ്യത്തൊഴിലാളികൾ പ്രവർത്തിക്കുന്നത്. പ്രളയക്കെടുതിയിൽ വീടും ഭൂമിയുമെല്ലാം നഷ്ടപ്പെടുന്നവരെപ്പോലെ ഓരോ കടൽക്ഷോഭത്തിലും കിടപ്പാടവും വള്ളവും വലയും നഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. നമ്മൾ പരസ്പരം തിരിച്ചറിയണം. എതിരേ അപകടകരമായ ഒരു കാറ്റ് വന്നാൽ അതിനെ എങ്ങനെ നേരിടണമെന്ന് അനുഭവം കൊണ്ടറിഞ്ഞവരാണ് മത്സ്യത്തൊഴിലാളികൾ. ആ അനുഭവം നമ്മുടെ സഹോദരങ്ങൾക്ക് പ്രയോജനപ്പെടണം. പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിൽ മുഴുവൻ തീരവും കാത്തിരിക്കുകയാണ്. നമ്മൾ ഒന്നിച്ച് ഒന്നായി നിന്ന് ഈ പ്രതിസന്ധിയെ മുറിച്ചുകടക്കും.

ഈ സന്ദർഭത്തിൽതന്നെ ഒരു കാര്യം പറയേണ്ടതുണ്ട്. ഇത് മനുഷ്യനിർമ്മിതമായ ദുരന്തമാണ്. ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന് നമ്മൾ തീരുമാനിക്കണം. വികസനം എങ്ങനെ വേണമെന്ന് തീരുമാനമെടുക്കേണ്ടത് കോർപ്പറേറ്റുകളാകരുത്. ഇവിടെ മണ്ണിലും കടലിലും പണിയെടുക്കുന്ന മനുഷ്യരുടെ വാക്കുകൾക്ക് വിലയുണ്ടാവണം. ആദ്യം നമ്മൾ ഈ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകട്ടെ. അതിനു ശേഷം ഈ ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്തേ മതിയാകൂ. ആ ചർച്ച കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കും.