ചെങ്ങന്നൂരിലെ സ്ഥിതി ഗുരുതരം : രക്ഷാപ്രവർത്തനം ഊർജ്ജിതം

#

ചെങ്ങന്നൂർ (18-08-18) : വെള്ളംകയറി മൂന്നുദിവസം പിന്നിടുമ്പോഴും രക്ഷാപ്രവർത്തകരെ കാത്ത് ആയിരങ്ങളാണ് ചെങ്ങന്നൂരിൽ കുടുങ്ങി കിടക്കുന്നത്. ഭക്ഷണമോ വെള്ളമോ അവശ്യ മരുന്നുകളോ ഇല്ലാതെ 60 മണിക്കൂറിലധികമായി അവശനിലയിലായ ആളുകൾ വെള്ളത്തിനുവേണ്ടി യാചിക്കുന്ന കാഴ്ചകളാണ് രക്ഷാപ്രവർത്തകർക്ക് പറയാനുള്ളത്. ഇതിനിടെ പാണ്ടനാടിൽനിന്ന്  മൂന്നു മൃതദേഹങ്ങളും കണ്ടെത്തി. മരിച്ചയാളുടെ മൃതദേഹം ഒഴുകിപ്പോകാതിരിക്കുന്നതിനായി ചങ്ങാടത്തിൽ കട്ടിവച്ചുകൊണ്ട് ഭാര്യ രക്ഷാപ്രവർത്തകരെയും കാത്തിരിക്കുന്നതായുള്ള വിവരങ്ങളും രക്ഷപ്പെട്ടെത്തിയവർ പങ്കുവക്കുന്നു.

പാണ്ടനാട്, ചെങ്ങന്നൂര്‍ നഗരം തുടങ്ങിയ മേഖലയില്‍ രാവിലെ ആറു മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.ഇതുവരെ നൂറിലധികംപേരെ രക്ഷപെടുത്തി. ഇനിയും നിരവധി പേരുകളാണ് കുടുങ്ങി കിടക്കുന്നത്. എന്നാല്‍ മേഖലയില്‍ ബോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കൊല്ലകടവ് പാലത്തിനടുത്തുള്ള ചപ്പാത്തില്‍ വെള്ളം കയറിയത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരികയാണ്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്താന്‍ ശ്രമിക്കുന്നത്. ഇവിടേക്ക് നാല് ഹെലികോപ്റ്ററുകള്‍ കൂടി പുറപ്പെട്ടിട്ടുണ്ട്.

മരങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ ചെങ്ങന്നൂരില്‍ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ദുഷ്‌കരമാണ്. വീടുകള്‍ കണ്ടെത്താനും ഹെലികോപ്റ്റര്‍ വഴി ആളുകളെ രക്ഷപ്പെടുത്താനും ബുദ്ധിമുട്ടാകും. നേവിയുടെ ഹെലികോപ്റ്ററുകൾ രണ്ടുതവണ എത്തിയെങ്കിലും താഴ്ന്നു പറക്കുന്നതിനോ രക്ഷാപ്രവർത്തനം നടത്തുന്നതിനോ കഴിയുന്നില്ല. പാണ്ടനാട്, ഇടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ട് ഹെലികോപ്റ്റർ വഴി ഭക്ഷണം എങ്കിലും എത്തിച്ചു നല്കണമെന്നാണ് ആവശ്യം. പ്രായമായവരും കുട്ടികളും ഉൾപ്പെടെ അവശനിലയിലാണ്. ഇതിനിടെ സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട ആരും എത്താത്തതും നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു.